ആലപ്പുഴ:പത്രം ഏജന്റിന്റെ മൂക്ക് കടിച്ചു പറിച്ച ശേഷം കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിൽ. മുൻ ഹൈവേ കവർച്ച സംഘാംഗമായ കറ്റാനം പുത്തൻവീട്ടിൽ ആസിഫ് എന്ന് വിളിക്കുന്ന നസീം ആണ് വളളികുന്നം പൊലീസിന്റെ പിടിയിലായത്. പത്രം ഏജന്റായ വള്ളികുന്നം സ്വദേശി സഹദേവനെ (78) ക്രൂരമായി ആക്രമിച്ച ശേഷം പ്രതി പണം കവരുകയായിരുന്നു.
ചൂനാട് കിണർമുക്ക് ജങ്ഷനിൽ കഴിഞ്ഞ 9ന് ആണ് സംഭവം. സഹദേവൻ പുലര്‍ച്ചെ പത്രക്കെട്ട് വാഹനത്തിലേക്ക് എടുത്തുവെക്കാൻ ശ്രമിക്കവേ നസീം സഹദേവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും താക്കോലും പണവും എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ സഹദേവന്റെ മൂക്കിന്റെ അഗ്ര ഭാഗം പ്രതി കടിച്ചു പറിച്ചു. സഹദേവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 1410 രൂപയും കവർന്നാണ് ഇയാള്‍ കടന്നു കളഞ്ഞത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അന്വേഷണത്തിനിടെ, 2022ൽ ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച്, ഹൈവേയിലൂടെ യാത്രചെയ്ത് വന്നയാളെ ആക്രമിച്ച് പണം കവർന്ന സംഘത്തിലെ അംഗമായ പ്രതിയെക്കുറിച്ച് വള്ളികുന്നം പൊലീസിന് സൂചന ലഭിച്ചു. സംഭവസ്ഥലത്ത് നിന്നും ശാസ്ത്രീയമായി ശേഖരിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് ഇലിപ്പക്കുളം ഭാഗത്ത് നിന്നും പ്രതിയായ നസീമിനെ അറസ്റ്റ് ചെയ്തത്.