കണ്ണൂര്‍: ഈ മാസം 16ന് നടത്താന്‍ തീരുമാനിച്ച മാഹി വ്യാപാര ബന്ദ് പിന്‍വലിച്ചു. മാഹി റീജണല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡി മോഹന്‍കുമാറിന്‍റെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയിലാണ് വ്യാപാരികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടിക്ക് ധാരണയായത്. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം മുനിസിപ്പാലിറ്റിയില്‍ പുതിയ കമ്മീഷണറെ നിയമിക്കാമെന്നും വ്യാപാരികള്‍ക്ക് നല്‍കേണ്ട ലൈസന്‍സുകള്‍ നല്‍കാമെന്നും ചര്‍ച്ചയിൽ തീരുമാനമായി.
വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന യൂസര്‍ ഫീയുടെ കാര്യത്തിലും തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്‌തു പരിഹരിക്കാമെന്നും അഡ്‌മിനിസ്‌ട്രേറ്റര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പിനു ശേഷം മാഹി എംഎല്‍എ രമേഷ് പറമ്പത്തിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കണമെന്നാണ് ധാരണയായത്. യുസര്‍ ഫീയുടെ പേരില്‍ വന്‍കൊള്ളയാണ് മുനിസിപ്പല്‍ അധികൃതര്‍ നടത്തുന്നത്. കഴിഞ്ഞ തവണത്തെ ലൈസന്‍സ് പോലും ഇതുവരെ നല്‍കാത്ത സാഹചര്യമാണ് മാഹിയില്‍ ഉള്ളത്.
ജനന-മരണ സര്‍ട്ടിഫിക്കറ്റും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും മാഹി നിവാസികള്‍ക്ക് ലഭിക്കുന്നില്ല. സ്ഥിരമായി കമ്മീഷണരെ പോലും നിയമിക്കാത്ത സാഹചര്യമാണ് മാഹിയിലുള്ളത്. പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയില്‍ തദ്ദേശ സ്വയംഭരണ സംവിധാനം നിലച്ചിട്ട് ഒരു ദശവര്‍ഷക്കാലത്തിലേറെയായി.
ജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും നികുതി പിരിക്കലും ഫീസ് വാങ്ങലും മാത്രമാണ് മുനിസിപ്പാലിറ്റിയുടെ ഏക പ്രവര്‍ത്തനം. മാഹി നഗരസഭയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച പോലെയാണ്. മാഹി മുനിസിപ്പല്‍ മൈതാനവും ഫിഷറീസ് കോമ്പൗണ്ടും ഹാര്‍ബര്‍ റോഡും വാഹന പാര്‍ക്കിങിന് വേണ്ടി തുറന്ന് കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു മറുപടിയുമില്ല. നഗരസഭയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാഹിയില്‍ വ്യാപാര ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചത്.
Also read: പുതുച്ചേരി വേണ്ട, ലക്ഷദ്വീപിലലിയാന്‍ മോഹിച്ച് മാഹി; വരുമോ ദ്വീപിന് പുതിയ ട്രാന്‍സ്പോര്‍ട്ട് ഹബ്