പത്തനംതിട്ട:'പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞു കാണും. ഞങ്ങള്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. വലിയൊരു ശബ്‌ദം കേട്ടു. സ്ഥിരം അപകടമേഖലയായതു കൊണ്ടുതന്നെ വലിയ ശബ്‌ദം കേള്‍ക്കുമ്പോള്‍ ഏതോ അപകടം നടന്നെന്ന് ഞങ്ങള്‍ ഉറപ്പിക്കും. ഇത്തവണയും പതിവ് ആവര്‍ത്തിച്ചു. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പെട്ടെന്ന് വീടിന് പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ആദ്യം ഒന്നും കാണാനായില്ല. ആകെ പുകപടലങ്ങള്‍ മാത്രം. മങ്ങിയ വെളിച്ചത്തില്‍ തൊട്ടടുത്ത വീട് തകര്‍ത്ത് ലോറി മറിഞ്ഞതായി കണ്ടു'. കുരമ്പാല പത്തിയില്‍പ്പടി സ്വദേശി സണ്ണി പുലര്‍ച്ചെ നടന്ന ഞെട്ടിക്കുന്ന അപകടം വിശദീകരിക്കുന്നതിങ്ങനെയാണ്. അപകടം നടന്ന വീട്ടിന്‍റെ തൊട്ട് എതിര്‍വശത്തെ വീട്ടുകാരനാണ് സണ്ണി.
എംസി റോഡില്‍ പന്തളം ഭാഗത്ത് നിന്ന് അടൂര്‍ ഭാഗത്തേക്ക് നിറയെ കാലിത്തീറ്റ ചാക്കുകളുമായി പോവുകയായിരുന്നു ലോറി. പത്തനംതിട്ട കൂരമ്പാലയ്ക്കടുത്ത് പത്തിയില്‍പ്പടിയിലാണ് പുലര്‍ച്ചെ അഞ്ച് പതിനഞ്ചോടെ അപകടം നടന്നത്. എംസി റോഡില്‍ സ്ഥിരം അപകടമേഖലയായ ഇടത്ത് തന്നെയാണ് ഈ അപകടവും ഉണ്ടായത്.
വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു (ETV Bharat) ആശാൻ തുണ്ടില്‍ പടിഞ്ഞാറ്റില്‍ രാജേഷും കുടുംബവും താമസിച്ച വീടിന് മുകളിലേക്കാണ് ഓര്‍ക്കാപ്പുറത്ത് ലോറി പതിച്ചത്. നിയന്ത്രണം വിട്ട ലോറി തൊട്ട എതിര്‍വശത്തേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് വീട്ടിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. 42 കാരനായ രാജേഷിന് പുറമേ ഭാര്യ ദീപ, മക്കളായ 12 വയസുകാരി മീനാക്ഷി, ആറ് വയസുകാരി മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ അടൂരില്‍ നിന്ന് അഗ്നിരക്ഷാസേനയും എത്തി.
സംഭവസ്ഥലത്തുനിന്നുള്ള ചിത്രം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'പുലര്‍ച്ചെയായതിനാല്‍ ഒന്നും കാണാന്‍ വയ്യായിരുന്നു. മൊബൈലിന്‍റേയും ടോര്‍ച്ചിന്‍റേയും വെളിച്ചത്തിലാണ് ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം വീട്ടുകാരന്‍ തന്നെ തകര്‍ന്ന വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തി. കുട്ടികള്‍ ഏതു ഭാഗത്താണുള്ളതെന്ന് രാജേഷ് തന്നെയാണ് പറഞ്ഞു തന്നത്. അതനുസരിച്ച് മറ്റുള്ളവരേയും പുറത്തെടുക്കാനായി. ഇതിനിടയിലും ലോറി തകര്‍ത്ത വീട്ടിന്‍റെ ഭിത്തികള്‍ ഇടിഞ്ഞു വീഴുന്നുണ്ടായിരുന്നു. മകള്‍ മീനാക്ഷിയെ പുറത്തെടുക്കാന്‍ കുറേയേറെ ബുദ്ധിമുട്ടി. അടൂരിൽ നിന്നും എത്തിയ അഗ്നിരക്ഷ സേനയുടെ കൂടി സഹായത്തോടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്.' അര മണിക്കൂര്‍ സമയമെടുത്താണ് മുഴുവന്‍ പേരേയും തകര്‍ന്ന വീടിന് പുറത്തെത്തിച്ചതെന്നും സണ്ണി പറഞ്ഞു.
സംഭവസ്ഥലത്തുനിന്നുള്ള ചിത്രം (ETV Bharat) 'ഈശ്വരനാണ് എന്‍റെ കൊച്ചു മക്കളുടെ ജീവന്‍ കാത്തത്. അല്ലെങ്കില്‍... എനിക്കത് ഓര്‍ക്കാന്‍ കൂടി ആവുന്നില്ല. കൊച്ചുമക്കള്‍ വിളിച്ച് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല എന്നു പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.' അപകടത്തില്‍പ്പെട്ട ദീപയുടെ അമ്മ പറഞ്ഞു.
സംഭവസ്ഥലത്തുനിന്നുള്ള ചിത്രം (ETV Bharat) ലോറിയിലുണ്ടായിരുന്ന ഡ്രൈവർ തിരുവനന്തപുരം സ്വദേശി സജീവ് ക്ലീനർ അനന്തു എന്നിവര്‍ക്കും അപകടത്തിൽ പരിക്കേറ്റു. വീട്ടുകാരടക്കം പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പൊലീസും സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകടകാരണം എന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്നുള്ള ചിത്രം (ETV Bharat) Also Read:നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി; വയനാട്ടില്‍ സ്‌കൂള്‍ ബസ് അപകടം; 18 പേര്‍ക്ക് പരിക്ക്