കാസർകോട്:ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും ഇനി കൃത്യമായി ദൂരീകരിക്കാം. രാജ്യത്ത് തന്നെ ആദ്യമായി ഒറ്റ കൺട്രോൾ റൂമിൽ നിന്ന് 11 ഭാഷയിൽ സേവനം ലഭ്യമാക്കുകയാണ് കാസർകോട്ടെ സപ്‌തഭാഷ കൺട്രോൾ റൂം.
ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തെ കേൾവി- സംസാര പരിമിതർക്ക് ആർക്കും ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനം പ്രയോജനപ്പെടുത്താം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കേൾവി- സംസാര പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനവും സപ്‌ത ഭാഷ കൺട്രോൾ റൂം സംവിധാനവും കാസർകോട് കളക്‌ടറേറ്റിൽ ആരംഭിച്ചത്.
ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്‌ടര്‍ കെ ഇമ്പശേഖര്‍ വീഡിയോ കോൾ വഴി സംസാരിച്ച് ഉദ്ഘാടനം ചെയ്‌തു. ഇലക്ഷൻ കൺട്രോൾ റൂം ചാർജ് ഓഫീസർ ആദിൽ മുഹമ്മദാണ് നേതൃത്വം നൽകുന്നത്. തിങ്കളാഴ്‌ച മുതൽ ഏപ്രിൽ 25 വ്യാഴം വരെ ആംഗ്യഭാഷ കോൾ സെൻ്റർ പ്രവർത്തിക്കും.
രാവിലെ പത്ത് മണി മുതൽ 5 മണിവരെ 9947824180, 7558068930, 9048641188 എന്നീ വാട്‌സ് ആപ്പ് നമ്പറുകളില്‍ വീഡിയോ കോൾ ചെയ്യാം. വനിതാ ശിശുവികസന ഒഫീസിലെ ക്ലർക്ക് ടി പവിത്രൻ, സീനിയർ ഗ്രേഡ് ടൈപ്പിസ്‌റ്റ്അബുൾ റഹീം, ജിഎസ്‌ടി ടൈപ്പിസ്‌റ്റ് അതുൽ രാജ് എന്നിവരാണ് വീഡിയോ കോൾ മുഖേന ആംഗ്യ ഭാഷയിലൂടെ സംശയ നിവാരണം നടത്തുക.
കൂടാതെ ഏപ്രിൽ 22 തിങ്കൾ, 23 ചൊവ്വ എന്നീ ദിവസങ്ങളിൽ സംപ്‌ത ഭാഷകളിലും പൊതുജനങ്ങൾക്ക് മറുപടി നൽകാനുള്ള സംവിധാനം കൺട്രോൾ റൂം മുഖേന ഒരുക്കീട്ടുണ്ട്. മലയാളം, കന്നട, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾക്ക് പുറമേ
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സംവദിക്കാം. സേവനത്തിനായി ടോൾഫ്രീ നമ്പറായ 1950 എന്ന നമ്പറിൽ ബന്ധപ്പെടാം. ബ്യാരി ഭാഷയിലായിരുന്നു ആദ്യ കോൾ.
അസിസ്‌റ്റന്‍റ് കളക്‌ടർ ദീലിപ് കെ കൈനിക്കര, ഇലക്ഷൻ കൺട്രോൾ റൂം ചാർജ് ഓഫീസർ ആദിൽ മുഹമ്മദ്, മാൻ പവർ മാനേജ്മെൻ്റ് നോഡൽ ഓഫീസർ ആസിഫലിയാർ, പിഡബ്യൂഡി നോഡൽ ഓഫീസർ ആര്യാ പി രാജ്, ഗതാഗത നോഡൽ ഓഫീസർ അജിത്ത് ജോൺ, അജിത, തഹസിൽദാർ വി ഷിനു, ബി നിഷ, ജി രശ്‌മി, എം എ രമ്യ, സിന്ദു, ടി പവിത്രൻ, അഡ്വ. ആയിശ അഫ്രീൻ, നോയൽ റോഡ്രിഗസ്, ഉദയ് പ്രകാശ്, കിഷോർ കുമാർ, ഉഷാദേവി, കൺട്രോൾ റൂം സ്‌റ്റാഫ് എന്നിവർ സംബന്ധിച്ചു.
Also Read: വീട്ടില്‍ വോട്ട്: അപേക്ഷിച്ചവരില്‍ വോട്ട് രേഖപ്പെടുത്തിയത് 81 ശതമാനം; ഏപ്രില്‍ 25 വരെ തുടരും