ആലത്തൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന്‍റെ ഏക വിജയിയായികെ രാധാകൃഷ്‌ണന്‍. ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംപിയായ യുഡിഎഫിന്‍റെ രമ്യ ഹരിദാസിനെ 20,111 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്‌ണന്‍ തോല്‍പ്പിച്ചത്.
403447 വോട്ടുകളാണ് കെ രാധാകൃഷ്‌ണന്‍ നേടിയത്. രമ്യ ഹരിദാസിന് 383336 വോട്ടുകള്‍ ലഭിച്ചു. 188230 വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സരസു മൂന്നാമതെത്തി. 20-ല്‍ പതിനെട്ടു മണ്ഡലങ്ങളിലും യുഡിഎഫ് വിജയ കൊടി പറത്തിയപ്പോള്‍ എല്‍ഡിഎഫിന്‍റെ കനല്‍ അണയാതെ കാക്കാന്‍ പിണറായി സര്‍ക്കാറിലെ മന്ത്രി കൂടിയായ രാധാകൃഷ്‌ണന് കഴിഞ്ഞു.
2019-ല്‍ സിപിഎമ്മിന്‍റ കയ്യില്‍ നിന്ന് ആലത്തൂര്‍ മണ്ഡലം അക്ഷരാര്‍ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു രമ്യ ഹരിദാസ്. സിപിഎമ്മിലെ പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്‍റെ വിജയം. മന്ത്രി കെ രാധാകൃഷ്‌ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്‌ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടിയിരുന്നില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്‌ണനുള്ള ജനസമ്മിതി അനുകൂലമാകുമെന്ന് സിപിഎമ്മിന് പ്രതീക്ഷിയുണ്ടായിരുന്നു.
അതേസമയം കന്നി അങ്കം ഗംഭീര വിജയമാക്കിയ ആത്മവിശ്വാസത്തിലാണ് രമ്യ ഹരിദാസ് മണ്ഡലത്തില്‍ പോരാടിയത്. ബിഡിജെഎസിൽ നിന്ന് മണ്ഡലം ഏറ്റെടുത്ത ബിജെപി, പാലക്കാട് വിക്‌ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ ടിഎൻ സരസുവിനെയാണ് രംഗത്തിറക്കിയത്.
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 73.20 ശതമാനമായിരുന്നു പോളിങ്. ശതമാനം. 2019-ല്‍ 80.42 ശതമാനം പോളിങ് ഉണ്ടായിരുന്നിടത്ത് നിന്നാണ് ഏഴ് ശതമാനം കുറഞ്ഞത്. അതില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കെ രാധാകൃഷ്‌ണന്‍ എംഎല്‍എയായ ചേലക്കരയിലുമാണ്. പോളിങ് കുറഞ്ഞത് എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുപോലെ നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു.