ആലപ്പുഴ: വോട്ട് ചെയ്‌തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം എസ്എൻവി ടിടിസി സ്‌കൂളിൽ വോട്ട് ചെയ്‌തിറങ്ങിയ കാക്കാഴം തെക്കുംമുറി വീട്ടിൽ സോമരാജൻ (75) ആണ് മരിച്ചത്. 138 നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്‌ത ശേഷം തിരികെ പോകാൻ ഓട്ടോറിക്ഷയിലേക്ക് കയറാൻ പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്‍റെ പരിധിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മണ്ഡലങ്ങൾക്ക് പുറമെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിമണ്ഡലവും ഉൾപ്പെടുന്നു. മാവേലിക്കര ലോക്‌സഭ മണ്ഡല പരിധിയിൽ ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ മണ്ഡലങ്ങളുമാണുള്ളത്.
ആലപ്പുഴ മണ്ഡലത്തിൽ 11 സ്ഥാനാർഥികളും മാവേലിക്കര മണ്ഡലത്തിൽ ഒൻപത് സ്ഥാനാർഥികളുമാണ് മത്സരത്തിനിറങ്ങുന്നത്. ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ 14,00,083 വോട്ടർമാരാണ് അതില്‍ 7,26,008 സ്ത്രീ വോട്ടർമാരും 6,74,066 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
ALSO READ:കുറ്റിച്ചിറയിൽ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു