കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ അപമാനിച്ച ദിവസം തന്നെ ജോസ് കെ മാണി രാഹുലിൻ്റെ സഹതാപത്തിനായി സംസാരിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. ഇടത് മുന്നണിയിലെ പൊട്ടലിനും ചീറ്റലിനും ഉദാഹരണമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്‌താവന ഇടതു മുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ ഭാഗമാണോയെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണനും എംഎൽഎ മോൻസ് ജോസഫും പറഞ്ഞു.
മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മനുഷ്യത്വമില്ലാത്ത രീതിയിലാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിക്ക് വ്യത്യസ്‌തമായ അഭിപ്രായമുണ്ടാകാനുള്ള കാരണം രാഹുലിൻ്റെ കോട്ടയം സന്ദർശനത്തിൽ അവർ അമ്പരന്നു പോയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ആനുകാലിക രാഷ്‌ട്രീയ സ്ഥിതിയെക്കുറിച്ചും ബിജെപിയുടെ സമീപനത്തെക്കുറിച്ചും ഇടതുപക്ഷവും ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ പറ്റിയുമാണ് രാഹുൽ ഗാന്ധി കോട്ടയത്ത് സംസാരിച്ചത്.
ജോസ് കെ മാണിയുടെ ഇന്നത്തെ നിലപാട് കേട്ടപ്പോൾ അവർ ഇടതുപക്ഷത്ത് നിന്നും കുറച്ചകലെയാണ് നിൽക്കുന്നതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ജനങ്ങളെ കബളിപ്പിക്കാനാണോ, അതോ ഇടതു മുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ ഭാഗമാണോ എന്നും തിരുവഞ്ചൂർ ചോദിച്ചു. ഇത് ജോസ് കെ മാണി തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.