ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലം. ഇതിൽ കൊടുവള്ളി ഒഴിച്ച് ബാക്കി ആറ് മണ്ഡലങ്ങളും കൈവശം വച്ചിരിക്കുന്നത് എൽഡിഎഫാണ്. മണ്ഡല പരിധിയിൽ പെടുന്ന പഞ്ചായത്ത്, കോർപ്പറേഷൻ, നിയമസഭ മണ്ഡലങ്ങൾ, സഹകരണ ബാങ്ക് ഭരണ സമിതികൾ ഉൾപ്പടെ ഇടതുമുന്നണിക്കാണ് വ്യക്തമായ മേൽക്കൈ.
എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിന്‍റെ സർവ്വാധിപത്യമാണ്. ഇടതുമുന്നണിക്ക് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള ഈ മണ്ഡലത്തിൽ നിന്നും ആകെ നാല് തവണ മാത്രമേ ഇടതു സ്ഥാനാർഥികൾ ഡൽഹിയിലേക്ക് പോയിട്ടുള്ളൂ. അതിൽ തന്നെ രണ്ട് തവണ വീരേന്ദ്ര കുമാർ ആണ് ജയിച്ചത്.
1980ൽ ഇ കെ ഇമ്പിച്ചി ബാവ ജയിച്ചതാണ് സിപിഎമ്മിന് ആകെ ആശ്വസിക്കാനുള്ളത്. ലീഗിൽ നിന്ന് കിട്ടിയ ശേഷം കോൺഗ്രസാണ് ഇവിടെ സ്ഥിരമായി മത്സരിക്കാറുള്ളത്. അതിൽ തന്നെ കെ മുരളീധരൻ മൂന്ന് തവണ വിജയിച്ച് കയറിയിട്ടുണ്ട്.
2009 മുതൽ എം കെ രാഘവൻ ഹാട്രിക്കടിച്ച് വീണ്ടും രംഗത്തിറങ്ങാൻ പോവുകയാണ്. കഴിഞ്ഞ തവണ നോർത്തിലെ എംഎൽഎ ആയിരിക്കെ എ പ്രദീപ് കുമാറിനെ ഇറക്കിയിട്ടും രാഘവനോട് പിടിച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല. ഈ തവണ എളമരം കരീമാണ് രംഗത്തിറങ്ങുന്നത്.
അങ്ങിനെയെങ്കിൽ കേരളം ഉറ്റുനോക്കുക കോഴിക്കോട്ടേക്കായിരിക്കും. ഒരു ത്രികോണ മത്സരത്തിന് സാധ്യത ഇല്ലെങ്കിലും ബിജെപി കട്ടക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാവും.
ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 1951ല്‍ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു കോഴിക്കോട് ലോക്‌സഭ മണ്ഡലം. കോണ്‍ഗ്രസ്സിന് വേണ്ടി കെ പി കൃഷ്‌ണന്‍കുട്ടി നായരും കിസാന്‍ മസ്‌ദൂര്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അച്യുതന്‍ ദാമോദരന്‍ മേനോനും മത്സരിച്ചു. 27,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു കിസാന്‍ മസ്‌ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചു.
വർഷം | വിജയി | പാർട്ടി |
1951 | അച്യുതന്‍ ദാമോദരന്‍ മേനോൻ | കിസാന്‍ മസ്‌ദൂര്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി |
1957 | കെ പി കുട്ടിക്കൃഷ്‌ണന്‍ നായര്‍ | കോൺഗ്രസ് |
1962 | സി എച്ച് മുഹമ്മദ് കോയ | മുസ്ലീം ലീഗ് |
1967 | ഇബ്രാഹിം സുലൈമാന്‍ സേട്ട് | |
1971 | ||
1977 | സെയിദ് മുഹമ്മദ് വി എ | കോൺഗ്രസ് |
1980 | ഇ കെ ഇമ്പിച്ചിബാവ | സിപിഎം |
1984 | കെ ജി അടിയോടി | കോൺഗ്രസ് |
1989 | കെ മുരളീധരൻ | |
1991 | ||
1996 | എം പി വീരേന്ദ്രകുമാർ | ജനതാദൾ |
1998 | പി ശങ്കരൻ | കോൺഗ്രസ് |
1999 | കെ മുരളീധരൻ | |
2004 | എം പി വീരേന്ദ്രകുമാർ | ജനതാദൾ (സെക്യുലർ) |
2009 | എം കെ രാഘവൻ | കോൺഗ്രസ് |
2014 | എം കെ രാഘവൻ | |
2019 | എം കെ രാഘവൻ |