കാസർകോട്:കാസർകോട് മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങിന്റെ ഭാഗമായി നടത്തിയ മോക് പോളിൽ ഒരു സ്ഥാനാർഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് സഞ്ജയ് കൗൾ അറിയിച്ചത്.
കാസർകോട് മണ്ഡലത്തിൽ നടന്ന കമ്മീഷനിങിന്റെ ഭാഗമായി നടത്തിയ മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. യന്ത്രങ്ങൾ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ, പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പിൽ നോട് ടു ബി കൗണ്ടഡ് (കണക്കു കൂട്ടേണ്ടതില്ലാത്തത്) എന്ന് രേഖപ്പെടുത്തിയിരുന്നു. സ്റ്റാൻഡേർഡൈസേഷൻ ഡൺ, വിവിപാറ്റ് സീരിയൽ നമ്പർ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനക്കുള്ള സ്ലിപ്പാണ് മോക്പോളിനിടെ ലഭിച്ചതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണെന്നും സഞ്ജയ് കൗൾ പറഞ്ഞു.