ആലപ്പുഴ :2024 ലെലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആലപ്പുഴ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തീരുമാനമായി. ആലപ്പുഴ മണ്ഡലത്തിൽ സെന്റ് ജോസഫ്സ് കോളജ് എച്ച്എസ്എസ് ആൻഡ് എച്ച്എസ് ആലപ്പുഴയും മാവേലിക്കര മണ്ഡലത്തിൽ ബിഷപ്പ് മൂർ കോളജും വോട്ടെണ്ണൽ കേന്ദ്രമായി തെരഞ്ഞെടുത്തു (Lok Sabha Election 2024 In Alappuzha).
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസറായി ജില്ലാ കലക്ടർ അലക്സ് വർഗീസും മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസറായി എഡിഎം വിനോദ് രാജും പ്രവർത്തിക്കും.
ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി (കൊല്ലം) എന്നിങ്ങനെ മണ്ഡലങ്ങളും മാവേലിക്കര ലോക്സഭ മണ്ഡല പരിധിയിൽ ചങ്ങനാശ്ശേരി (കോട്ടയം), കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ (കൊല്ലം), കൊട്ടാരക്കര (കൊല്ലം), പത്തനാപുരം (കൊല്ലം) എന്നി മണ്ഡലങ്ങളുമാണുള്ളത്.
മാതൃക പെരുമാറ്റ ചട്ടങ്ങൾ ഇങ്ങനെ: 2024 ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം മാർച്ച് 16 മുതൽ ജില്ലയിൽ നിലവിൽ വന്നു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഏർപ്പെടരുത്. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലീം പള്ളികൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മറ്റാരാധന സ്ഥലങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്.
സമ്മതിദായകർക്ക് കൈക്കൂലി നൽകുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ വോട്ടു പിടിക്കുക, പോൾ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനിൽ നിന്നും സമ്മദിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവർത്തനങ്ങളും എല്ലാ പാർട്ടികളും സ്ഥാനാർഥികളും ഒഴിവാക്കേണ്ടതാണ്.
ഏതെങ്കിലും നിർദിഷ്ടയോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റു ഏതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിനായി അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ കാലേക്കൂട്ടി ബന്ധപ്പെട്ട അധികാരിയോട് അപേക്ഷിക്കണം. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ നിർദിഷ്ട യോഗം നടത്തുന്ന സ്ഥലവും സമയവും സ്ഥലത്തെ പൊലീസ് അധികാരികളെ അറിയിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്.