തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി ലഭിച്ച രണ്ട് ലക്ഷത്തിലധികം പരാതികളില്‍ നടപടിയെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 2,09,661 പരാതികളാണ് ലഭിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെയുള്ള കണക്കാണിത്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും അറിയിച്ചു. സിവിജില്‍ മുഖേന കൂടുതലായും അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്‌തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണക്കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
പരാതികളും എണ്ണവും ഇങ്ങനെ
- അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച പരാതികൾ - 1,83,842
- വസ്‌തുവകകള്‍ വികൃതമാക്കിയ പരാതികൾ - 10,999
- നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച പരാതികൾ - 4446
- അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചത് സംബന്ധിച്ച പരാതികൾ - 296
- പണവിതരണം -19
- മദ്യവിതരണം - 52
- സമ്മാനങ്ങള്‍ നല്‍കല്‍ -36
- ആയുധ പ്രദര്‍ശനം - 150
- വിദ്വേഷ പ്രസംഗം - 39
- സമയപരിധി കഴിഞ്ഞ് സ്‌പീക്കര്‍ ഉപയോഗിക്കല്‍ - 23
- നിരോധിത സമയത്ത് പ്രചാരണം നടത്തല്‍ - 65
പെയ്‌ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളുമാണ് ലഭിച്ചത്. 3083 പരാതികൾ
വസ്‌തുതയില്ലെന്ന് കണ്ട് തള്ളി. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സിവിജില്‍ (സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്നും ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫിസര്‍ അറിയിച്ചു.