കുന്ദമംഗലം പന്തീർപ്പാടത്തിന് സമീപം പുലി ഇറങ്ങിയതായി സംശയം കോഴിക്കോട്: കുന്ദമംഗലം പന്തീർപ്പാടത്തിന് സമീപം പുലി ഇറങ്ങിയതായി സംശയം. പന്തീർപ്പാടം ആനിക്കാട്ടുമ്മൽ, കൊടക്കല്ലിമ്മൽ ഭാഗത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത് (Tiger Suspected Near Kundamangalam).
ഇന്നലെ (21-03-2024) രാത്രി ഒമ്പതരയോടെയാണ് പ്രദേശത്തെ അടുത്തടുത്ത വീട്ടുകാരായ രണ്ടു പേർ പുലിയോടുള്ള സാദൃശ്യമുള്ള ജീവിയെ കണ്ടത്. തുടർന്ന് കുന്ദമംഗലം പൊലീസിലും, താമരശ്ശേരി ഫോറസ്‌റ്റ് റേഞ്ച് ഓഫീസിലും വിവരമറിയിച്ചു. രാത്രി തന്നെ പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഇന്ന് (22-03-2024) വീണ്ടും വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിസരത്താകെ പരിശോധന നടത്തി. ഈ ഭാഗത്ത് പലയിടത്തും പല കാൽപ്പാടുകൾ ഉണ്ടെങ്കിലും, പുലിയുടെ കാൽപ്പാട് കണ്ടെത്താനായിട്ടില്ല. പുലിയുടേതായി മറ്റ് തെളിവുകൾ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വനം വകുപ്പ് നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: പശുക്കടവിൽ വീണ്ടും പുലിയിറങ്ങി, വളർത്തു നായയെ കടിച്ചുകൊന്നു
താമരശ്ശേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ കെ ഷാജു, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ ഇ പ്രജീഷ്, ആർ ആർ ടി അംഗങ്ങളായ കരീം കൽപ്പൂർ, കബീർ കളൻ തോട് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.