ആലപ്പുഴ : മാവേലിക്കര പാർലമെന്‍റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ പ്രിന്‍റ് ചെയ്‌തതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സിപിഐ ആരോപിച്ചു. അഡ്വ സി എ അരുൺ കുമാർ എന്ന് ചേർക്കണമെന്നാണ് സ്ഥാനാർഥി എഴുതി നൽകിയിരുന്നത്. എന്നാൽ ബാലറ്റിൽ അഡ്വ അരുൺ കുമാർ സി എ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റെല്ലാ സ്ഥാനാർഥികളും എഴുതി കൊടുത്തത് പോലെ പേര് ചേർത്തിട്ടുണ്ട്. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പേര് രേഖപ്പെടുത്തിയപ്പോൾ മാത്രമാണ് പിശക് സംഭവിച്ചത്. ഈ വീഴ്‌ചയ്‌ക്കെതിരെ സിപിഐ നേതാക്കൾ കലക്‌ടറുടെ ചേമ്പറിൽ എത്തി പ്രതിഷേധിച്ചു.
എൽഡിഎഫ് സ്ഥാനാർഥി നൽകിയ പരാതി ഇലക്ഷൻ കമ്മിഷന് അയച്ചിട്ടുണ്ടെന്നും അതിന്മേൽ തീരുമാനമുണ്ടാകുമെന്നും ജില്ല കലക്‌ടർ സിപിഐ നേതാക്കൾക്ക് ഉറപ്പ് നൽകി. ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസി. സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്‌ണപ്രസാദ്, വി മോഹൻദാസ്, മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, എഐടിയുസി ജില്ല സെക്രട്ടറി ഡി പി മധു, ബികെഎംയു ജില്ല സെക്രട്ടറി ആർ അനിൽകുമാർ, എഐവൈഎഫ് ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Also read : മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ രാഷ്ട്രീയ ബന്ധുവായി കാണുന്നു: ബിനോയ് വിശ്വം - Binoy Viswam Against Congress BJP