കോഴിക്കോട് :എൻബിടിസി ക്യാമ്പിലെ അഗ്നിബാധ ദുരന്തത്തിന് പിന്നാലെ കുവൈറ്റിലെ ഫ്ലാറ്റുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും വ്യാപക പരിശോധന. കുവൈറ്റ് പൊലീസ്, ഫയർ ഫോഴ്‌സ്, മുൻസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. വിദേശികൾ കൂട്ടമായി താമസിക്കുന്നയിടങ്ങളിലാണ് പ്രധാനമായും പരിശോധനയെന്ന് മലയാളി പ്രവാസി ഇടിവി ഭാരതിനോട് പറഞ്ഞു.
പലയിടങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. തീപിടിത്തം കണക്കിലെടുത്ത് മുറികളിൽ സ്വയം ഭക്ഷണം പാകം ചെയ്യലിന് വിലക്കേർപ്പെടുത്തിയതായാണ് വിവരം. തീപിടിത്തമുണ്ടായ ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 195 പേരാണ് താമസിച്ചിരുന്നത്. നാട്ടിൽ പോയി ചൊവ്വാഴ്‌ച അർധരാത്രി തിരിച്ചെത്തിയ തമിഴ്‌നാട്ടുകാരൻ ഉൾപ്പെടെ ക്യാമ്പിൽ ഉള്ളവരുടെ എണ്ണം 196 ആയിരുന്നു.
ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ മാത്രമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിൽ പാചകത്തിന് അനുമതിയില്ലായിരുന്നു. കമ്പനിയുടെ സെൻട്രൽ കിച്ചണിൽ നിന്ന് ഭക്ഷണം എത്തിച്ചു വിതരണം ചെയ്യുന്നതായിരുന്നു രീതി. സെക്യൂരിറ്റി ജീവനക്കാരൻ സ്വയം പാചകം ചെയ്‌തിരുന്നു എന്ന വിവരം കൂടി പുറത്ത് വന്നതോടെയാണ് ക്യാമ്പുകളിലെ പാചകത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.