കോഴിക്കോട്:കെഎസ്ആർടിസി ബസുകളിലെ പരസ്യം വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക്. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ പ്രധാനപ്പെട്ട ടിക്കറ്റിതര വരുമാന മാർഗമായ ബസുകളിലെ പരസ്യമാണ് വീണ്ടും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ തന്നെ കൊമേഴ്‌ഷ്യൽ വിഭാഗം നേരിട്ട് നടത്തുകയും വൻ ലാഭത്തിലാക്കുകയും ചെയ്‌ത പരസ്യ വിഭാഗമാണ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത്.
2022 മുതലാണ് കെഎസ്ആർടിസി നേരിട്ട് പരസ്യം സ്വീകരിച്ച് ബസുകളിൽ പതിച്ച് തുടങ്ങിയിരുന്നത്. ഇത് ഏറെ സ്വീകാര്യത നേടുകയും ചെയ്‌തിരുന്നു. അതിന് മുമ്പ് സ്വകാര്യ ഏജൻസികൾ അഞ്ച് വർഷത്തേക്ക് 12 കോടി രൂപയ്ക്കായിരുന്നു ബസുകളിലെ പരസ്യം ടെൻഡർ എടുത്തിരുന്നത്. ഇതിനിടെ കൊവിഡ് ലോക്ക്ഡൗണിൽ ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ പരസ്യം പതിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് കോടി രൂപ മാത്രമാണ് ഏജൻസികൾ കെഎസ്ആർടിസിക്ക് കൈമാറിയത്.
മാത്രമല്ല വകുപ്പുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 2023ൽ 1500 കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി ഏജൻസികൾ പരസ്യം ചെയ്യുകയും ചെയ്‌തു. എന്നാൽ കെഎസ്ആർടിസി നേരിട്ട് പരസ്യം പതിക്കാൻ തുടങ്ങിയതോടെ വരുമാനം വർധിച്ചു.
2022ൽ 10.07 കോടി രൂപയാണ് ബസ് പരസ്യങ്ങളിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നത്. ഇതിൽ എല്ലാ ചെലവും കഴിച്ച് 7.03 കോടി ലാഭവും ലഭിച്ചു. 2023ൽ 7.35 കോടിയിയായിരുന്നു വരുമാനം, ലാഭം 5.11 കോടി. 1500 ബസുകളിലെ പരസ്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറിയിരുന്നതിനാലാണ് ആ വർഷം വരുമാനം കുറയാൻ ഇടയാക്കിയതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
2024ൽ 10.43 കോടി രൂപയായിരുന്നു വരുമാനം. ഇതിൽ 6.9 കോടിയായിരുന്നു മിച്ചം. ഒരു മാസത്തേക്ക് 10,500 രൂപയാണ് പരസ്യത്തിന് തുടക്കത്തില്‍ ഈടാക്കിയിരുന്നത്. കൂടുതല്‍ ബസുകളിലും കൂടുതല്‍ കാലയളവിലേക്കും പരസ്യം ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഇളവും നൽകിയിരുന്നു. പരസ്യം ചെയ്യുന്ന ബസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ഏജൻസികളെ പരസ്യ പരിപാടി ഏൽപ്പിക്കാൻ വീണ്ടും ശ്രമം നടക്കുന്നത്. ഇതിന് വേണ്ടി ഏജൻസികളിൽ നിന്ന് ഇ - ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക