തിരുവനന്തപുരം: എസി പ്രീമിയം സൂപ്പർഫാസ്‌റ്റ് ബസ് സർവീസ് ഓണസമ്മാനമായി മലയാളികൾക്ക് സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആദ്യ ഘട്ടത്തിൽ 40 ബസുകൾ വാങ്ങുമെന്നും മന്ത്രി ട്രയൽ റൺ നടത്താൻ എത്തിച്ച എസി പ്രീമിയം സൂപ്പർഫാസ്‌റ്റ് ബസ് ഓടിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 200 ബസുകൾ വാങ്ങാനാണ് ആലോചിക്കുന്നത്.
ട്രയൽ റണ്ണിന് ശേഷം പാലക്കാട്, കോഴിക്കോട്, എറണാകുളം റൂട്ടുകളിലായിരിക്കും പുതിയ ബസുകൾ സർവീസിനായി ഉപയോഗപ്പെടുത്തുക. ട്രയൽ റണ്ണിന് എത്തിച്ച ബസിൽ നിന്ന് കളർ സ്‌കീമിൽ മാറ്റമുണ്ടാകും. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി കുറേ ദീർഘദൂര റൂട്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ പഴയ ബസുകളാണ് നിലവിൽ ഓടിക്കുന്നത്.
ഈ റൂട്ടുകളിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്‌റ്റ് സർവീസ് ആരംഭിക്കും. 18 വർഷം പഴക്കമുള്ള ബസുകൾ സ്ക്രാപ്പ് ചെയ്യേണ്ടി വരും. പകരം സംവിധാനം ഏർപ്പെടുത്തും. ഗ്രാമപ്രദേശങ്ങളിലേക്കായി നീളം കുറഞ്ഞ ചെറിയ ബസുകൾ വാങ്ങും. കെഎസ്ആർടിസിയുടെ കെട്ടിടങ്ങളും കടകളും വാടകയ്ക്ക് കൊടുക്കാനുണ്ട്. ഇതുവഴി ഡെപ്പോസിറ്റായി ലഭിക്കുന്ന പണം ബസുകൾ വാങ്ങാൻ ഉപയോഗിക്കും.
സൂപ്പർ ഫാസ്‌റ്റ് പ്രീമിയം സൂപ്പർഫാസ്‌റ്റിന് മുകളിലും എക്‌സ്‌പ്രസിന് താഴെയുമുള്ള എസി ബസാണ്. ദീർഘദൂരം പോകുമ്പോൾ ആളുകൾ ബസ് സ്‌റ്റേഷനിൽ കയറി മുഷിയുകയാണ്. അതുകൊണ്ട് സ്‌റ്റോപ്പുകൾ പരിമിതപ്പെടുത്തും. നിലവിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കാണ് ട്രയൽ ഓടിക്കുന്നത്.