തിരുവനന്തപുരം : കാറ്റാടിയില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി എന്ന കെഎസ്ഇബിയുടെ സ്വപ്‌നം സ്ഥലപരിമിതിയില്‍ തട്ടി നിശ്ചലമായ സാഹചര്യം മറികടക്കാന്‍ മറുവഴികള്‍ തേടുകയാണ് വൈദ്യുതി ബോര്‍ഡ്. പൊതു പങ്കാളിത്തം ക്ഷണിച്ച് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമം ബോര്‍ഡ് ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കാറ്റാടി വൈദ്യുതി ഉത്പാദനത്തിന് പൊതു പങ്കാളിത്തത്തിനുള്ള താത്പര്യ പത്രം ക്ഷണിക്കാന്‍ കെഎസ്‌ഇബി തീരുമാനിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ച ശേഷം ഒരു യൂണിറ്റ് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തയാറുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്‌ഇബി ഓപ്പറേഷന്‍സ് ചീഫ് എഞ്ചിനിയര്‍ പ്രസാദ് ഇടിവി ഭാരതിനോട് പറഞ്ഞു. നിലവില്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ചിട്ടപ്പെടുത്തി വരികയാണെന്നും ഇതിന് ശേഷം ഓണ്‍ലൈനായി ടെന്‍ഡര്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡറില്‍ പങ്കെടുക്കണോ? ഇത് ശ്രദ്ധിക്കൂ...
കാറ്റാടി സ്ഥാപിച്ച് 10 മുതല്‍ 15 മെഗാവാട്ട് ഉത്പാദന ശേഷി ഉറപ്പു വരുത്തുന്നവര്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാനാകൂ. കാറ്റാടി സ്ഥാപിക്കാനാവശ്യമായ സ്ഥലമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ കാറ്റാടി വൈദ്യുതി ഉത്പാദനത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കോ പദ്ധതിയില്‍ പങ്കാളികളാകാം. കാറ്റാടി വൈദ്യുതി പദ്ധതിക്കായി നിലവില്‍ സ്ഥലപരിമിതിയാണ് കെഎസ്ഇബി നേരിടുന്ന പ്രധാന പ്രതിസന്ധി.
കെഎസ്ഇബിയുടെ സ്ഥലങ്ങളൊന്നും കാറ്റാടി വൈദ്യുതി പദ്ധതിക്ക് അനുയോജ്യമല്ല. അതേ സമയം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയുടെ പഠനത്തില്‍ പശ്ചിമഘട്ടം കാറ്റാടി വൈദ്യുതി പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ റവന്യു, വന ഭൂമി പാട്ടത്തിനെടുക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സുലഭമായി കാറ്റ് ലഭിക്കുന്ന ഭൂമി പാട്ടത്തിന് ലഭിച്ചാല്‍, ഭൂമി കൂടി നല്‍കി സംരംഭകരെ മേഖലയിലേക്ക് ആകര്‍ഷിക്കാനും കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. 150 മീറ്റര്‍ ഉയരത്തില്‍ 2600 മെഗാവാട്ട് വരെ ഉത്പാദന സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയുടെ വിലയിരുത്തല്‍. രാമക്കല്‍മേട്, അട്ടപ്പാടി, മാന്‍കുത്തിമേട്, പാപ്പന്‍പാറ, പൊന്മുടി എന്നിവിടങ്ങളില്‍ സ്വന്തം നിലയില്‍ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിച്ച് ആദ്യഘട്ടത്തില്‍ 370 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നെങ്കിലും ഇതും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ കാരണം വൈകുകയാണ്. വരുന്ന 5 വര്‍ഷത്തിനകം കേരളത്തിലെ പുനരുപയോഗ ഊര്‍ജ ഉത്പാദനം ഇരട്ടിയാക്കാനുള്ള റെഗുലേറ്ററി കമ്മിഷന്‍റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് സ്ഥലമെറ്റെടുപ്പിന് കാത്ത് നില്‍ക്കാതെ കെഎസ്ഇബി കാറ്റാടി പദ്ധതിക്കായി പൊതുപങ്കാളിത്തം ക്ഷണിക്കാന്‍ ഒരുങ്ങുന്നത്.
വെര്‍ട്ടിക്കല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍
വന്‍കിട കാറ്റാടി പദ്ധതികള്‍ക്ക് പകരം ചെറിയ രീതിയില്‍ തയാറാക്കാവുന്ന വെര്‍ട്ടിക്കല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ നിര്‍ദേശമെന്ന് റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി സതീഷ് ചന്ദ്രന്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കി. പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ മാതൃകാപരമായി ഇന്നു വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. വെര്‍ട്ടിക്കല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍ എന്ന ആശയത്തിനും സമാനമായ പൊതു പങ്കാളിത്തത്തിന് സാധ്യതയുണ്ട്. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന തീരമേഖലയേയും ഇതിനായി ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വെര്‍ട്ടിക്കല്‍ ആക്‌സിസും ഹൊറിസോണ്ടല്‍ ആക്‌സിസും
കാറ്റാടി നിലയങ്ങള്‍ രണ്ടു തരത്തിലാണുള്ളത്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ സുലഭമായ ഹൊറിസോണ്ടല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍ കുറഞ്ഞ ചെലവില്‍ സ്ഥാപിക്കാനാകും. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ഈ കാറ്റാടി നിലയങ്ങള്‍ നിലനിര്‍ത്താനും ചെലവ് കുറവാണ്.
എന്നാല്‍ നല്ല രീതിയില്‍ കാറ്റ് വീശുന്ന പ്രദേശങ്ങളില്‍ മാത്രമേ ഹൊറിസോണ്ടല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കൂ. വ്യവസായികാടിസ്ഥാനത്തില്‍ ഇത്തരം കാറ്റാടി നിലയങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതേ സമയം നഗരഹൃദയത്തിലും കുറഞ്ഞ കാറ്റ് വീശുന്ന പ്രദേശങ്ങളിലും വെര്‍ട്ടിക്കല്‍ ആക്‌സിസ് കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കും. കുറഞ്ഞ ഉത്പാദന ശേഷിയുള്ള ഈ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് കുറവാണെങ്കിലും ഇടയ്ക്കിടെ അറ്റകുറ്റ പണി ആവശ്യമായി വരും.
Also Read: വീണ്ടും ചരിത്രം കുറിച്ച് ഐഎസ്‌ആര്‍ഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ