കോഴിക്കോട്:ചാത്തമംഗലം എൻഐടി ക്യാമ്പസിൽ സമരം ചെയ്‌ത വിദ്യാർഥികൾക്കെതിരെ വൻ തുക പിഴയിട്ടത് എൻഐടി യിലെ സെനറ്റിൻ്റെ തീരുമാനത്തിന് വിരുദ്ധമായെന്ന സൂചന പുറത്തുവന്നു. സമരത്തിന് ശേഷം നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും വിദ്യാർഥികൾക്ക് എതിരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ആയിരുന്നു ഭൂരിഭാഗം അധ്യാപകരും.
അതിന് കടകവിരുദ്ധമാണ് ഓരോ വിദ്യാർഥികൾക്കും ഇപ്പോൾ ആറ് ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി കൊണ്ടുള്ള രജിസ്ട്രാറുടെ ഉത്തരവ് . അഞ്ച് വിദ്യാർഥികൾക്കാണ് ഇത്രയും വലിയ തുക പിഴ ഇട്ടത്. ആകെ പിഴ തുക 33 ലക്ഷത്തോളം വരും. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമി വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നേരത്തെ ചർച്ച ചെയ്‌തിരുന്നതെങ്കിൽ ഇപ്പോൾ അഡ്‌മിനിസ്ട്രേഷൻ വിഭാഗം നേരിട്ട് ഇടപെടുന്നു എന്നാണ് വിദ്യാർഥികളുടെ ആരോപണം.