കോഴിക്കോട് : മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ നാലു വയസുകാരിക്ക് കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോക്‌ടർ ബിജോൺ ജോൺസന്‍റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് വീഴ്‌ച ചൂണ്ടിക്കാട്ടുന്നത്.
വിദഗ്‌ധ സമിതി തിങ്കളാഴ്‌ച ഡോക്‌ടറുടെ മൊഴിയെടുത്തിരുന്നു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, സംഭവസമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടർമാർ നഴ്‌സുമാർ മറ്റു ജീവനക്കാർ എന്നിവരുടെ മൊഴിയെടുത്തു. എന്നാൽ കുട്ടിയുടെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ട് മൊഴിയെടുക്കാൻ എത്തുന്നതിന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തിയിട്ടില്ല.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നിയോഗിച്ച വിദഗ്‌ധ സമിതി ശനിയാഴ്‌ചയാണ് തെളിവെടുപ്പ് തുടങ്ങിയത്. മഞ്ചേരി ഗവൺമെന്‍റ് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോക്‌ടർ അഷ്റഫിന്‍റെ നേതൃത്വത്തിൽ വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്‌ടർമാരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ മൊഴിയെടുക്കലും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.