കൊട്ടിക്കലാശം ആഘോഷമാക്കി കോട്ടയം പാർലമെന്‍റ് മണ്ഡലം കോട്ടയം : ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം ആഘോഷമാക്കി കോട്ടയം പാർലമെൻ്റ് മണ്ഡലം. ഇവിടുത്തെ പരസ്യ പ്രചാരണ പരിപാടികൾക്ക് ആഘോഷപൂർവമായ സമാപനം. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് നഗര പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിച്ചത്. മൂന്ന് മുന്നണികൾക്കും കൊട്ടിക്കലാശത്തിന് ഓരോ സ്ഥലങ്ങൾ നിർദേശിച്ചിരുന്നു.
ആദ്യം റോഡ് ഷോയുമായി എത്തിയത് BDJS സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയാണ്. തുഷാർ വെള്ളാപ്പള്ളിയുടെ പിറന്നാൾ ദിനവും കൂടിയായതിനാൽ തിരുനക്കര മൈതാനത്ത് കേക്ക് മുറി ആഘോഷവും നടന്നു. വർണ ബലൂണുകളും പ്ലക്കാര്‍ഡും ഏന്തി നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു.
Also Read : കൊച്ചിയെ ഇളക്കി മറിച്ച് കൊട്ടിക്കലാശം: ആഘോഷമാക്കി മുന്നണികൾ - Kottikalasam In Ernakulam
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ നേതാക്കളോടൊത്ത് റോഡ് ഷോയുമായി നഗര ഹൃദയത്തിലെത്തി. പാർട്ടി കൊടികളുമേന്തി വാദ്യഘോഷത്തിന് അനുസരിച്ച് പ്രവർത്തകർ നൃത്തംവച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ക്രെയിനിൽ കയറി നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. ചാണ്ടി ഉമ്മൻ പ്രവർത്തകരുമായി ചേർന്ന് നൃത്തം ചെയ്‌തു. ആവേശം പങ്കിട്ട് നേതാക്കളും പ്രവര്‍ത്തകരും 6 മണിയോടെ പരസ്യപ്രചാരണം അവസാനിപ്പിച്ചു.