കോട്ടയത്തിന്‍റെ വലത് കൂറ് കുറഞ്ഞോ.. കോട്ട കാക്കാൻ ആര്? ഫലമറിയാൻ മണിക്കൂറുകൾ മാത്രം - KOTTAYAM LOK SABHA CONSTITUENCY - KOTTAYAM LOK SABHA CONSTITUENCY
കോട്ടയത്തിന് എന്നും കൂറ് വലത് പക്ഷത്തോട് മാത്രം. സുരേഷ് കുറുപ്പിനെ കണ്ടാല്‍ മാത്രം അല്‍പ്പം ഇടത് പ്രണയം. മാറി മറിഞ്ഞ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്കിടയില്‍ ഇക്കുറി ആരെ വരിക്കും മണ്ഡലം?
കോട്ടയം ജില്ലയിലെ ആറ് നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭ മണ്ഡലവും ഉള്‍പ്പെടുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്നു. എന്നും മണ്ഡലത്തിന് കൂറ് യുഡിഎഫിനോടാണ്. സുരേഷ് കുറുപ്പ് വന്നാല്‍ മാത്രം മണ്ഡലം ഇടത്തോട്ട് ചായും. രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞതിന് ശേഷമുള്ള മറ്റൊരു തെരഞ്ഞെടുപ്പിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ തവണ പോര് ഇവര്‍ തമ്മില്‍ (ETV Bharat)
ഇക്കുറി കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ 65.61 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്, കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി സിറ്റിങ്ങ് എംപി തോമസ് ചാഴികാടന്‍, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ തമ്മിലാണ് ഇക്കുറി കോട്ടയത്ത് ഏറ്റുമുട്ടിയത്.
2019ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. തോമസ് ചാഴികാടന്‍ 1,06,259 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 3,14,787 വോട്ടുകള്‍ നേടിയ സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെയാണ് തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്. 75.29 ശതമാനമായിരുന്നു 2019 ലെ ഇവിടുത്തെ പോളിങ്ങ് നില.
കോട്ടയം കോട്ട ആര് പിടിക്കും? (ETV Bharat)
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എമ്മില്‍ നിന്നുള്ള ജോസ് കെ മാണി ഈ സീറ്റില്‍ വിജയിച്ചു. 424,194 വോട്ടുകളാണ് ജോസ് കെ മാണി നേടിയത്. ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി അഡ്വ മാത്യു ടി തോമസ് 303,595 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.