എറണാകുളം:കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയുടെ നഷ്‌ടം നൂറ് കോടിയോളം വർധിച്ചതായി വാർഷിക റിപ്പോർട്ട്. മുൻ വർഷത്തെ നഷ്‌ടമായ 335.7 കോടിയുടെ നഷ്‌ടമാണ് 433.49 കോടിയായി വർധിച്ചത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം മെട്രോയുടെ വരുമാനത്തിൽ വർധനയുണ്ടായതായി കൊച്ചി മെട്രോയുടെ വാർഷിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈ വർഷം പ്രവർത്തന വരുമാനം 151.30 കോടി രൂപയും മറ്റു വരുമാനം 95.11 കോടി രൂപയുമാണ്. ഇതോടെ മുൻ വർഷത്തെ 200.99 കോടി രൂപയിൽ നിന്ന് മൊത്തം വരുമാനം 246.41 കോടി രൂപയായി വർധിച്ചു. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള 28 കിലോമീറ്റർ ദൂരം വരുന്ന മെട്രോ ട്രെയിൻ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫെയർ ബോക്‌സ് വരുമാനം, നോൺ-ഫെയർ ബോക്‌സ് വരുമാനം, ബാഹ്യ പ്രോജക്റ്റുകൾ, പലിശ വരുമാനം, ഇൻഡ്എഎസ് അഡ്‌ജസ്റ്റ്‌മെൻ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ വരുമാനം കൂടുന്നതിനൊപ്പം ചെലവും വർധിച്ചതായാമ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം ചെലവ് 205.60 കോടി ആയിരുന്നു, മുമ്പത്തെ വർഷം ഇത് 128.89 കോടി ആയിരുന്നു. മെട്രോയുടെ ആദ്യഘട്ട നിർമാണത്തിനായി ഫ്രഞ്ച് ഏജൻസിയായ എഎസ്‌സി 1,019.79 കോടി രൂപയും കനറാ ബാങ്ക് 1,386.97 കോടി രൂപയും വായ്‌പയായി നൽകി.
യൂണിയൻ ബാങ്കിൽ നിന്നുള്ള കൺസോർഷ്യം വഴി കനറാ ബാങ്കില്‍ നിന്ന് 672.18 കോടി രൂപയുടെ അധിക വായ്‌പ എടുത്തിട്ടുണ്ട്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 141 കോടിയും ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന് 577.61 കോടിയുടെയും വായ്‌പകൾ എടുത്തു.
പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കനറാ ബാങ്കിൽ നിന്ന് 26.32 കോടി രൂപ അധിക വായ്‌പ എടുത്തിട്ടുണ്ട്. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്ത്യ റേറ്റിങ്സ് ആന്‍റ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിങ് കുറച്ചതായും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.