എറണാകുളം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി വധശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വടകര എംഎൽഎയും ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയുമായ കെ കെ രമ. ഹൈക്കോടതി പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമ. നാളെ ഹൈക്കോടതിയിൽ നിന്ന് തങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വിധിയുണ്ടാകുമെന്നും, പ്രതികളുടെ ശിക്ഷ വർധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു (KK Rema on Pleas of TP Murder Acused).
പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മൃഗീയവും ക്രൂരവുമായ ഒരു കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരൻ്റേത്. വളരെ അപൂർവമായ കൊലപാതകമാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിന് അനുസരിച്ചുള്ള ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ തന്നെയാണ് ആഗ്രഹിച്ചത്. കോടതി ഇത്തരം കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.
"കോടതിയിൽ പ്രതികൾ പറഞ്ഞത് ഭാര്യയുണ്ട്, മകളുണ്ട് കുടുംബത്തോടൊപ്പം താമസിക്കണം എന്നെല്ലാമാണ്. പാലിയേറ്റീവ് പ്രവർത്തനം നടത്തണമെന്ന് പറഞ്ഞവരുണ്ട്, അമ്മ ഒറ്റയ്ക്കാണെന്ന് പറഞ്ഞവരുണ്ട്. അവർക്ക് അവരുടെ ആവശ്യങ്ങൾ പറയാം. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഹൃദയം പൊട്ടിയാണ് മരിച്ചത്. പ്രതികൾ അമ്മയെ ശുശ്രൂഷിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആ അമ്മയെയാണ് ഓർമിച്ചത്. പ്രായമായ അമ്മയെ ശുശ്രൂഷിക്കണമെന്ന് പറഞ്ഞവർ മറ്റുള്ളവരുടെ അമ്മയെ കുറിച്ച് ഓർത്തില്ല." കെ കെ രമ കുറ്റപ്പെടുത്തി.
Also Read: 'രഹസ്യം ചോരുമെന്ന ഭയം വന്നാല്‍ സിപിഎം കൊല്ലും' ; പികെ കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കെഎം ഷാജി
കോടതി ഇന്ന് പ്രതിഭാഗത്തിന് പറയാനുള്ള കാര്യങ്ങളാണ് കേട്ടത്. അവർക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചു. അതിനു ശേഷം പ്രതിഭാഗം അഭിഭാഷകർ ജയിലിൽ നിന്നുള്ള റിപ്പോർട്ടുകളുടെ കോപ്പികൾ വേണമെന്ന് ആവശ്യപ്പെട്ടു. നാളെ അന്തിമവാദം കഴിഞ്ഞ ശേഷമായിരിക്കും ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിൽ വിധി പറയുകയെന്നു കെ കെ രമ പറഞ്ഞു. ടി പി വധക്കേസ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ ഹർജിയിലെ ഹൈക്കോടതിയിലെ വാദം നേരിട്ട് കേൾക്കാനാണ് പരാതിക്കാരിയായ രമ ഇന്ന് കോടതിയിൽ എത്തിയത്.
പ്രതികൾക്കെതിരായ വിചാരണക്കോടതി വിധി കഴിഞ്ഞ തിങ്കളാഴ്‌ച ഹൈക്കോടതി ശരിവച്ചിരുന്നു. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജി പരിഗണിച്ച് കോടതി നിർദ്ദേശ പ്രകാരമാണ് ഇന്ന് പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കിയത്. വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പുറമെ ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടുപേരെ ഉൾപ്പടെ ഹാജാരാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്.
12-ാം പ്രതി ജ്യോതി ബാബുവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയില്ല. പകരം ഓൺലൈൻ വഴിയാണ് ഹാജറാക്കിയത്. വൃക്ക രോഗിയായ ജ്യോതി ബാബുവിന് ഇന്ന് മൂന്ന് മണിക്ക് ഡയാലിസിസ് ചെയ്യണമെന്ന കാര്യം ജയിൽ സുപ്രണ്ട് കോടതിയെ അറിയിച്ചു. ഹൈക്കോടതി കുറ്റക്കാരെന്നു വിധിച്ച പത്താം പ്രതി കെ കെ കൃഷ്‌ണനെയും, ഒന്ന് മുതൽ എട്ട് വരെ പ്രതികളെയും, പതിനൊന്നാം പ്രതിയെയും രാവിലെ ഒന്‍പത് മണിയോടെ തന്നെ ഹൈക്കോടതിയിൽ എത്തിച്ചിരുന്നു.
Also Read: മരിച്ച ശേഷവും ടിപിയെ കുലംകുത്തിയെന്ന് വിളിച്ചയാളാണ് പിണറായി, ഹംസയുടെ സ്ഥാനാർഥിത്വം സിപിഎമ്മിൻ്റെ രാഷ്‌ട്രീയ പാപ്പരത്തം : കെ സുധാകരൻ
കൃഷ്‌ണന്‍റെയും ജ്യോതി ബാബുവിൻ്റെയും, ഒന്ന് മുതൽ എട്ടുവരെ പ്രതികളുടെയും, 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേട്ടു. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ പ്രൊബേഷൻ ഓഫിസറുടെ റിപ്പോർട്ട്, ജയിൽ സൂപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് എന്നിവയും കോടതി നിർദ്ദേശ പ്രകാരം ഹാജരാക്കിയിരുന്നു. നാളെ പ്രതികളുടെ സാന്നിധ്യത്തിലായിരിക്കും ഹൈക്കോടതി ശിക്ഷി വിധിക്കുക.