തിരുവനന്തപുരം :കേരള സര്‍വകലാശാല കലോത്സവക്കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വിധികര്‍ത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഇദ്ദേഹം അടക്കമുള്ളവര്‍ക്കെതിരായ എഫ്ഐആർ പുറത്ത്. എസ്എഫ്ഐ ജില്ല പ്രസിഡന്‍റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എൻ എ കന്‍റോൺമെന്‍റ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഷാജി, ജോമെറ്റ്, സൂരജ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇവർക്കെതിരെ ഐപിസിയിലെ 406, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
മാർഗംകളി മത്സരത്തിന്‍റെ ജഡ്‌ജസായിരുന്ന ഷാജി യൂണിവേഴ്‌സിറ്റി നിർദേശങ്ങൾ ലംഘിച്ച് പരിശീലകരായ ജോമെറ്റ്, സൂരജ് എന്നിവരുടെ സ്വാധീനത്തിന് വഴങ്ങി വിധി നിർണയത്തിൽ കൃത്രിമം കാണിച്ചുവെന്നും കേരള യൂണിവേഴ്‌സിറ്റിയോടും പ്രോഗ്രാം കമ്മിറ്റിയോടും മറ്റ് മത്സരാർത്ഥികളോടും വിശ്വാസ വഞ്ചന ചെയ്‌തെന്നുമാണ് എഫ്ഐആറിലുള്ളത്.