തിരുവനന്തപുരം: ഡിജിറ്റല്‍ യുഗത്തിലേക്ക് നാട് മാറിയിട്ടും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെ നിറയുന്ന മാന്‍ഹോള്‍ വൃത്തിയാക്കി ഉപജീവനം നടത്തുന്നവരെ കണ്ടെത്താന്‍ കേരളം കണക്കെടുപ്പ് തുടങ്ങി. 2013ല്‍ നിരോധിച്ചിട്ടും കത്തുന്ന വയറിന് മുന്നില്‍ മനുഷ്യ വിസര്‍ജ്യം നീക്കാന്‍ പോലും തയ്യാറാകുന്ന നിരാലംബര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിന്‍റെ ആദ്യപടി ആയാണ് സെന്‍സസ്. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്‍റെ നിര്‍ദേശാനുസരണമാണ് സംസ്ഥാനത്തെ സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ (Manual scavenger) കണക്കെടുപ്പ് നടത്താന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുവന്നത്.
ഒക്ടോബര്‍ 7ന് അന്തിമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി നാല് ജില്ലകളുടെ സെന്‍സസ് റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് സെന്‍സസ് നടത്തേണ്ടത്. ഇതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെന്‍സസ് നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തും. ഇതിനായി നല്‍കുന്ന പ്രത്യേക ഫോണ്‍ നമ്പര്‍ വഴി ശുചീകരണ തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ഈ നമ്പറുകളില്‍ ബന്ധപ്പെടുന്നവരുടെ ആധാര്‍ കാര്‍ഡ്, സാമ്പത്തിക വിവരങ്ങള്‍, ജോലിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഇതിനായി സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അതാത് ജില്ലയിലെ കലക്‌ടര്‍മാരാകും ഇത് ക്രോഡീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റിലേക്ക് സമര്‍പ്പിക്കുക. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റ് ഇത് പരസ്യപ്പെടുത്തുകയും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ രാജ്യവ്യാപക സെന്‍സസിന്‍റെ ഭാഗമായാണ് കേരളവും സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ കണക്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ 'നമസ്‌തേ' (നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്‌ഡ് സാനിറ്റേഷന്‍ ഇക്കോ സിസ്റ്റം) പദ്ധതിയുടെ പുരോഗതി കൂടി വിലയിരുത്താന്‍ ലക്ഷ്യമിട്ടാണ് സെന്‍സസ് നടത്തുന്നത്. 2013ലും 2018ലുമാണ് അവസാനമായി ദേശീയ തലത്തില്‍ സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ സെന്‍സസ് നടക്കുന്നത്.