മെല്‍ബണ്‍ ടെസ്‌റ്റ് ക്രിക്കറ്റിനിടെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ഓസീസ് യുവ ഓപ്പണര്‍ സാം കോണ്‍സ്‌റ്റാസും ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലിയുമായുള്ള കൊമ്പുകോര്‍ക്കല്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് തകര്‍പ്പൻ തുടക്കം സമ്മാനിക്കാൻ 19കാരനായ കോണ്‍സ്‌റ്റാസിനായി. ഇന്ത്യയുടെ നമ്പര്‍ വണ്‍ പേസ് ബൗളറായ ജസ്‌പ്രീത് ബുംറ അടക്കമുള്ളവരെയെല്ലാം ഭയമില്ലാതെ നേരിട്ട താരം ഏകദിന ശൈലിയിലാണ് കങ്കാരുപ്പടയ്‌ക്കായി റണ്‍സ് അടിച്ചുകൂട്ടിയത്.
കോണ്‍സ്‌റ്റാസ് അനായാസം റണ്‍സ് കണ്ടെത്തുന്നതിനിടെയായിരുന്നു വിരാട് കോലി ഓസീസ് താരത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഓസീസ് ഒന്നാം ഇന്നിങ്‌സിന്‍റെ 12-ാം ഓവറിന്‍റെ ഇടവേളയ്‌ക്കിടെയായിരുന്നു സംഭവം. ഓവറിന് പിന്നാലെയുള്ള ഇടവേളയ്‌ക്കിടെ നോണ്‍ സ്ട്രൈക്കിങ് എൻഡിലേക്ക് നടന്നുനീങ്ങിയ കോണ്‍സ്‌റ്റാസിനെ എതിരെ വന്ന കോലി തോളുകൊണ്ടിടിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ തരത്തില്‍ വാക്കേറ്റവുമുണ്ടായി. അമ്പയര്‍മാരും ഓസീസ് താരം ഉസ്‌മാൻ ഖവാജ ഉള്‍പ്പടെയുള്ളവരും ഇടപെട്ടായിരുന്നു കളി മൈതാനത്തെ രംഗം ശാന്തമാക്കിയത്. ഈ സംഭവത്തില്‍ കോലിക്ക് 20 ശതമാനം പിഴയും ഐസിസി വിധിച്ചിരുന്നു. ഏറെ വിവാദമായ ഈ സംഭവത്തില്‍ കോലിയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങളും രംഗത്തെത്തി.
എന്നാല്‍, കോലി കോണ്‍സ്‌റ്റാസിന്‍റെ ചുമലില്‍ ഇടിച്ചത് റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് കേരള പൊലീസ്. കോലിയുടെ വരവിനെ റോങ് സൈഡിലൂടെ വരുന്ന വാഹനമായും കോണ്‍സ്‌റ്റാസിനെ നേരെ പോകുന്ന വാഹനമായുമാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ കേരളാ പൊലീസ് ചിത്രീകരിച്ചിരിക്കുന്നത്. 'അതിപ്പോ ''കിങ്'' ആണേലും ശരി, ഗതാഗത നിയമങ്ങള്‍ പാലിക്കൂ, സ്വയം സുരക്ഷിതരാകുന്നതോടൊപ്പം മറ്റുള്ളവരെയും സുരക്ഷിതരാക്കൂ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മെല്‍ബണില്‍ നടക്കുന്ന ടെസ്‌റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് കടന്നിരിക്കുന്നത്. കളിയുടെ നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 228-9 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 333 റണ്‍സിന്‍റെ ലീഡാണ് നിലവില്‍ കങ്കാരുപ്പടയ്‌ക്കുള്ളത്. ഓസീസിന്‍റെ ശേഷിക്കുന്ന വിക്കറ്റ് അവസാന ദിവസത്തിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ സ്വന്തമാക്കി കളി പിടിക്കാനുള്ള ശ്രമങ്ങളുമായിട്ടാകും ഇന്ത്യൻ ടീം നാളെ (ഡിസംബര്‍ 30) ഇറങ്ങുക.
Also Read :'ഡബിള്‍ സെഞ്ചുറി'; ടെസ്‌റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് ജസ്‌പ്രീത് ബുംറ