ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം തിരുവനന്തപുരം: കൊടും ചൂടിനൊപ്പം കേരളത്തില്‍ ഇനി പരീക്ഷാചൂടിന്‍റെ കാലം. സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി പൊതു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് (മാര്‍ച്ച് 1) മുതല്‍ 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് പൊതു പരീക്ഷ ക്രമീകരിച്ചിട്ടുള്ളത് (Kerala State Higher Secondary Exam Starts Today).
4,14,159 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് വണ്ണില്‍ പരീക്ഷ എഴുതുന്നത്. പ്ലസ് ടുവില്‍ 4,41,213 പേരും പരീക്ഷ എഴുതും (Kerala Plus Two Exam).
2024 ഏപ്രില്‍ 1 മുതല്‍ ആണ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിക്കുന്നത്. ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ് അഡീഷണല്‍ ഷീറ്റ് എന്നിവ പരീക്ഷഭവന്‍ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ചെയ്‌തു കഴിഞ്ഞു.
സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 1994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഗള്‍ഫ് മേഖലയിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലും, ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്താനായി അമ്പത്തി രണ്ട് സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും, ഇരുപത്തിയഞ്ച് ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.(HSE Exams)
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി പ്ലസ് ടു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികളുടെ എണ്ണം റഗുലര്‍ വിഭാഗത്തില്‍ 27,841, പ്രൈവറ്റ് വിഭാഗത്തില്‍ 1,496 ഉള്‍പ്പെടെ ആകെ 29,337 പേരാണ്.
ഇത്തവണ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികളുടെ ആകെ എണ്ണം 27,770 ആണ്. ഒന്നും രണ്ടും വര്‍ഷ പരീക്ഷക്ക് ആകെ രജിസ്റ്റര്‍ ചെയ്‌തത് 57,107 വിദ്യാര്‍ഥികളാണ്. 389 പരീക്ഷാ സെന്‍ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത് (kerala state higher secondary exam starts today).
അതേസമയം പൊതുപരീക്ഷയ്ക്കായി അവസാനവട്ട മുന്നൊരുക്കങ്ങളിലാണ് വിദ്യാര്‍ഥികള്‍. പ്ലസ് വണ്‍ പരീക്ഷകളുടേയും മോഡല്‍ പരീക്ഷകളുടേയും അനുഭവത്തില്‍ പ്ലസ് ടു പരീക്ഷയേയും നേരിടാമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.