തിരുവനന്തപുരം :ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ വിജയ ശതമാനത്തില്‍ 4.26 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ പ്ലസ്‌ടു വിജയ ശതമാനം 82.95 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 78.69 ശതമാനമായി കുറഞ്ഞു. വിജയ ശതമാനം കുറഞ്ഞെങ്കിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ 5427 പേരുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 33,815 ആയിരുന്നെങ്കില്‍ ഇത്തവണ അത് 39,242 ആയി ഉയര്‍ന്നു. വിജയശതമാനം കുറഞ്ഞതില്‍ മറ്റ് കാര്യങ്ങളൊന്നുമില്ല എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി.
എല്ലാം തികച്ചും സ്വാഭാവികം. സയന്‍സ് വിഭാഗത്തില്‍ ഇത്തവണ വിജയശതമാനം 84.84 ആണ്. ഈ വിഭാഗത്തില്‍ പരീക്ഷ എഴുതിയവരില്‍ 1,60,696 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 67.09 ആണ് വിജയ ശതമാനം. ഇവിടെ പരീക്ഷ എഴുതിയവരില്‍ 51,144 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി.