എറണാകുളം : മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന റിപ്പോർട്ട് നൽകാൻ നിരീക്ഷക കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം. കയ്യേറ്റം ഒഴിപ്പിക്കലിൽ ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് നിരീക്ഷക സമിതി അടുത്ത ചൊവ്വാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, എം എ അബ്‌ദുൾ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ നിർദേശം.
കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, കോടതി നിർദേശ പ്രകാരം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനായി ഹാജരായി. ചിന്നക്കനാലിലും, ബൈസൻ വാലിയിലും ശാന്തൻപാറയിലും ഡിജിറ്റൽ സർവേ നടത്തി. ബാക്കിയുള്ള സ്ഥലങ്ങളിലെ സർവേ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിച്ചു.