തിരുവനന്തപുരം: ദുരന്തത്തില്‍ തളര്‍ന്ന വയനാട്ടിലെ ടൂറിസം മേഖലയെ ഉണര്‍ത്താന്‍ കേരള സർക്കാർ. ടൂറിസം പുനരുജ്ജീവിപ്പിക്കുന്നതിന് വയനാട്ടിൽ വ്ളോഗേഴ്‌സ് മീറ്റും മെഗ പ്രൊമോഷണൽ കാമ്പെയ്‌നും ആരംഭിക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ല സുരക്ഷിതമല്ലെന്ന വിനോദ സഞ്ചാരികളുടെ ആശങ്ക അകറ്റാനാണ് കാമ്പയിന്‍.
ഓണക്കാലത്ത് വയനാട്ടിലേക്ക് പരമാവധി ടൂറിസ്‌റ്റുകളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ജൂലൈ 30ന് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തത്തെ 'വയനാട് ദുരന്തം' എന്ന് വിളിക്കുന്നത് തന്നെ സങ്കടകരമാണെന്ന് കേരള ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയ വയനാടിന്‍റെ ഒരു ഭാഗത്ത് മാത്രമാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
'ചൂരൽമല വയനാട് ജില്ലയിലെ ഒരു സ്ഥലം മാത്രമാണ്. പക്ഷേ വയനാട് ദുരന്തമെന്ന് പ്രചരിക്കുന്ന വാർത്തകളെ തുടര്‍ന്ന് എല്ലാവരും ഇത് ഇൻ്റർനെറ്റിൽ തിരയുകയും വയനാട്ടിൽ എന്തോ സംഭവിക്കുന്നുവെന്ന് കരുതുകയും ചെയ്യുന്നു. ഇത് അവിടെയുള്ള റിസോർട്ടുകളിലെ ബുക്കിങ് റദ്ദാക്കാൻ കാരണമാകുന്നു. ചൂരൽമലയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോലും ബുക്കിങ് റദ്ദാക്കപ്പെടുന്നു. വയനാട് ദുരന്തം എന്ന് പറയുന്നത് ശരിയല്ല'- മന്ത്രി റിയാസ് പറഞ്ഞു.
'എൻ്റെ കേരളം എന്നും സുന്ദരം'(My Kerala is ever beautiful) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച്, തങ്ങള്‍ക്കിഷ്‌ടപ്പെട്ട കേരളത്തിലെ ടൂറിസ്‌റ്റ് സ്‌പോട്ടുകള്‍ പോസ്റ്റ് ചെയ്യാൻ സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളോടും സെലിബ്രിറ്റികളോടും ആവശ്യപ്പെടുന്ന മെഗാ സോഷ്യൽ മീഡിയ കാമ്പയിൻ ആരംഭിക്കുന്നതിനായി മന്ത്രി റിയാസ് അറിയിച്ചു. ഇത് സംബന്ധിച്ച് ടൂറിസം വ്യവസായ പങ്കാളികളുമായും റിസോർട്ട് ഉടമകളുമായും പ്രാദേശിക വെണ്ടർമാരുമായും സംസാരിച്ചതായും മന്ത്രി റിയാസ് പറഞ്ഞു. കുടുംബത്തോടൊപ്പം താനും വയനാട്ടിൽ പോയി താമസിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. കാമ്പയിൻ്റെ ഭാഗമായി വയനാടിന്‍റെ പ്രകൃതി ഭംഗിയും സൗന്ദര്യവും സുരക്ഷയും എടുത്ത് കാട്ടുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗേഴ്‌സ് മീറ്റും വയനാട്ടിൽ സർക്കാർ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Also Read :അതിജീവനത്തിന്‍റെ മണി മുഴങ്ങി; വെള്ളാർമല സ്‌കൂൾ ഇന്ന് മുതൽ മേപ്പാടിയിൽ