തിരുവനന്തപുരം:കേരള കയറ്റുമതി പ്രോത്സാഹന നയം 2025 ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്.
സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം.
കയറ്റുമതി പ്രോത്സാഹനനയത്തിന്റെ ദൗത്യങ്ങള്‍
- സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക:സമൃദ്ധമായ പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, സമ്പന്നമായ സാംസ്കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷ ശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകള്‍ പരമാവധി വര്‍ധിപ്പിക്കാനും സര്‍ക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.
- നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു:വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച് നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും വ്യവസായം, അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണം നുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംഭംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന അത്യാധുനിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
- സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു:അന്താരാഷ്ട്ര വ്യാപാരത്തില്‍ സുസ്ഥിരതയുടെ പ്രാധാന്യവും ഇഎസ്ജി (ESG) സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ദീര്‍ഘകാല നയ തീരുമാനവും തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദ രീതികള്‍ സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കും.
- അനുകൂല ആവാസവ്യവസ്ഥ:കയറ്റുമതി അധിഷ്ഠിത ബിസിനസുകള്‍ക്ക് കരുത്തുറ്റതും പിന്തുണ നല്‍കുന്നതുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കും. ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതും വ്യാപാര സുഗമമാക്കല്‍ നടപടികള്‍ വര്‍ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, ഗതാഗതം, കണക്റിവിറ്റി എന്നിവ ഉള്‍പ്പെടെയുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
- വളര്‍ച്ചയും വൈവിധ്യവത്കരണവും:പരമ്പരാഗത മേഖലകള്‍ക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സര്‍ക്കാര്‍ കണ്ടെത്തും. വിപണി പ്രവേശനം സുഗമമാക്കുക, വ്യാപാര ദൗത്യങ്ങള്‍ നടത്തുക, അന്താരാഷ്ട്ര വ്യാപാര മേളകളില്‍ പങ്കെടുക്കുക, വിപണി ഗവേഷണത്തെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിടുന്നു.
- കയറ്റുമതി ഇന്‍ഫ്രാസ്ട്രെക്ചര്‍ പിന്തുണ:കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍, വെയര്‍ഹൗസിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സകര്യങ്ങൾ സ്ഥാപിക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് ഒരുകോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇന്‍ഫ്രാസ്ട്രക്ചർ നിക്ഷേപത്തിന്റെ 25 ശതമാനം ഒറ്റത്തവണ സബ്സിഡി നല്‍കും. കേന്ദ്രങ്ങള്‍, ടെസ്റ്റിങ് ലബോറട്ടറികള്‍, ഇന്ത്യാ ഗവണ്മെന്റിന്റെ ട്രേഡ് ഇന്‍ഫ്രാസ്ട്രെക്ചർ ഫോര്‍ എക്സ്പോര്‍ട്ട് സ്കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ് നികത്തുന്നതിനുള്ള മാര്‍ഗമായി ഇത് സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങള്‍ക്ക് നല്‍കും.
- കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവ്:സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യ ഫ്രീ ഓണ്‍ബോര്‍ഡ് മൂല്യത്തിന്റെ (FOB) 1 ശതമാനം ഇൻസെന്റീവ് നൽകും.
- ലോജിസ്റ്റിക്സ് സഹായം:തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാന്ഡ്ലിങ് ചാര്‍ജുകള്‍ മുതലായവ ഉള്‍പ്പെടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50 ശതമാനം റീഇംബേഴ്സ്മെന്റ്, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം യൂണിറ്റിന് 15 ലക്ഷം എന്ന പരിധി.
- കയറ്റുമതി വിപണന സഹായം: ദേശീയ അന്തര്‍ദേശീയ വ്യാപാര മേളകള്‍, എക്സിബിഷനുകള്‍, ബയര്‍ - സെല്ലര്‍ മീറ്റുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ പരിധിയില്‍ 75 ശതമാനം റീഇംബേഴ്സ്മെന്റ് വഴി സബ്സിഡികള്‍ നല്‍കും.
- കയറ്റുമതി ഡോക്യുമെന്റേഷന് സഹായം:അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങള്‍ പാലിക്കുന്നതിന് കയറ്റുമതി ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍, ഗുണനിലവാര പരിശോധന എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട ചെലവുകള്‍ക്കായി രണ്ട് വര്‍ഷത്തേക്ക് ഒരു യൂണിറ്റിന് പരമാവധി രണ്ട് ലക്ഷം രൂപയ്ക്ക് വിധേയമായി, ചെലവിന്റെ 50 ശതമാനം പരിധി വരെ സബ്സിഡി.
- കയറ്റുമതി വികസന ഫണ്ട്:വിപണി ഗവേഷണം, ഉത്പന്ന വികസനം, ബ്രാന്‍ഡിങ്, പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങൾ എന്നിവയ്ക്കായി കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക സഹായവും സബ്സിഡിയും നല്‍കുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും.
- കയറ്റുമതി ഗവേഷണവും മാര്‍ക്കറ്റ് ഇന്റലിജന്‍സും:ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍, ഇനിയും എത്തിച്ചേരാത്ത വിപണികള്‍, ഉത്പന്നങ്ങളുടെ ആവശ്യകത എന്നിവ തിരിച്ചറിയുന്നതിന് ആഴത്തിലുള്ള മാര്‍ക്കറ്റ് ഗവേഷണത്തിനും വിശകലനത്തിനും ഒരു സ്ഥാപനത്തിന് ഒരുകോടി രൂപ വരെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഈ വിവരങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് സബ്സിഡി നിരക്കിലോ കയറ്റുമതി ഉപദേശക സേവനങ്ങളുടെ ഭാഗമായോ ലഭ്യമാക്കാം. ഇന്ത്യാ ഗവണ്മെന്റിന്റെ മാര്‍ക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ് സ്കീമിന് കീഴില്‍ പിന്തുണ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഈ സഹായം നല്‍കും.