തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സരഘോഷത്തിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ സജീവ മുന്നൊരുക്കങ്ങളുമായി സംസ്ഥാന എക്സൈസ് വകുപ്പ്. സ്ട്രൈക്കിങ് ഫോഴ്‌സ്, കെമു സംവിധാനങ്ങൾ എക്‌സൈസ് വകുപ്പ് സജീവമാക്കി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ നേരിട്ട് ചുമതല വഹിച്ച് പുതുവത്സരത്തിൽ സ്ട്രൈകിങ് ഫോഴ്‌സിന്‍റെ പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് എക്സൈസ് കമ്മിഷണർ മഹിപ്പാൽ യാദവ് ഐ പി എസ് സർക്കുലർ പുറത്തിറക്കി.
പുതുവത്സരാഘോഷങ്ങൾക്കായി സമൂഹ മാധ്യമങ്ങൾ വഴി ഓര്‍ഡര്‍ ചെയ്യുന്ന നിരോധിത ലഹരി വസ്‌തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ. അതിർത്തി ജില്ലകളിൽ കേരള എക്സൈസ് മൊബൈൽ ഇന്‍റര്‍വെൻഷൻ യൂണിറ്റിന്‍റെ പ്രവർത്തനവും (കെമു) 24 മണിക്കൂറാക്കാൻ നിർദേശമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മനുഷ്യ ജീവന് അപകടം വരുത്തുന്ന വ്യാജ മദ്യ നിർമാണത്തിന് സാധ്യതയുണ്ടെന്നും എക്സൈസ് കമ്മിഷണറുടെ സർക്കുലറിൽ വിശദീകരിക്കുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചാകും സ്ട്രൈകിങ് ഫോഴ്‌സിന്‍റെ പ്രവർത്തനം.
ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സ്ട്രൈകിങ് ഫോഴ്‌സിൽ 24 മണിക്കൂറും റെയ്‌ഡിന് സജ്ജമായിരിക്കണം. 9447178000, 9061178000 എന്നീ നമ്പറുകളിൽ ജില്ലാ തല കണ്ട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്ട്രൈകിങ് ഫോഴ്‌സിന്‍റെയും കെമുവിന്‍റെയും ലൊക്കേഷൻ ഓരോ മണിക്കൂറിലും കണ്ട്രോൾ റൂമിന് ലഭിക്കും.
എക്സൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍ (ETV Bharat) ലഹരി വരുന്ന വഴി
അത്യാധുനിക വാഹനങ്ങൾ, ആഡംബര കാറുകൾ, വോൾവോ ബസുകൾ, പാർസൽ ലോറികൾ, ശീതീകരിച്ച വാഹനങ്ങൾ, ചരക്ക് - യാത്രാ തീവണ്ടികൾ എന്നിവ മാർഗം നിരോധിത ലഹരി വസ്‌തുക്കൾ കേരളത്തിലേക്കെത്തുമെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വനാതിർത്തികളിലും വനത്തിലും ചാരായം വാറ്റിനും കഞ്ചാവ് കൃഷിക്കും, അന്യ സംസ്ഥാനങ്ങളിൽ നിന്നും സ്‌പിരിറ്റ് കടത്തിക്കൊണ്ടു വന്ന് വ്യാജ മദ്യ നിർമാണത്തിനും സാധ്യതയുണ്ട്.
അതിഥിതൊഴിലാളികൾ വ്യാപകമായി മയക്കുമരുന്നും നിരോധിത പുകയിലയും കേരളത്തിലെത്തിക്കുന്നുണ്ട്. സ്‌പിരിറ്റും ലഹരി മരുന്നുകളും കള്ളിൽ ചേർത്ത് വിൽക്കാനും മുൻകാലങ്ങളിൽ ലഹരി കേസുകളിൽ ഉൾപ്പെട്ടവർ ക്രിസ്‌മസ് - പുതുവത്സരത്തിൽ വീണ്ടും ലഹരി കച്ചവടത്തത്തിന് ഇറങ്ങാനും സാധ്യതയുള്ളതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് രൂപം നൽകിയത്.
നിശാപാർട്ടികളിലും കർശന നിരീക്ഷണം
പുതുവത്സരാഘോഷം നടക്കുന്ന നിശാപാർട്ടികളിലും എക്സൈസിന്‍റെ നിരീക്ഷണമുണ്ടാകും. കഴിഞ്ഞ വർഷം പുതുവത്സര നിശാപാർട്ടികൾക്ക് പൊലീസിന്‍റെ അനുമതി കർശനമായിരുന്നു. കഴിഞ്ഞ വർഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഫ്‌തി പൊലീസിന്‍റെ നിരീക്ഷണത്തോടൊപ്പം എക്സൈസിന്‍റെ നിരീക്ഷണവുമുണ്ടാകും.
പൊലീസ് സ്പെഷ്യൽ ബ്രാഞ്ചുമായി ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവച്ചാകും റെയ്‌ഡുകൾ. ഇതിനായി സംസ്ഥാനമാകെ നാല് റേഞ്ചുകളായി തിരിച്ചാകും പരിശോധന. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും ലഭിക്കുന്ന ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്ന റെയ്‌ഡുകളിൽ ജോയിന്‍റ് എക്സൈസ് കമ്മിഷണർമാരുടെ സാന്നിധ്യവുമുണ്ടാകും.
ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുമായി വിവരങ്ങൾ ശേഖരിച്ചു റെയ്‌ഡ് നടത്തണമെന്നും എക്സൈസ് കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്.
Also Read:പാത്രക്കച്ചവടത്തിനെന്ന വ്യാജേന വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ ഹാന്‍സിന്‍റെയും മദ്യത്തിന്‍റെയും വില്‍പ്പന; യുവാവിനെ പിടികൂടി പൊലീസ്