കാസർകോട്: കെട്ടിട നിർമാണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾക്ക് നിർദേശം നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി കെട്ടിടങ്ങളുടെ വശങ്ങളിൽ തുറന്ന നിലയിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമ്മിതിയായി കണക്കാക്കാനാകില്ലെന്ന് എംബി രാജേഷ് പറഞ്ഞു. കാസർകോട് നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ജില്ലാതല അദാലത്തിലായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് ചട്ട ഭേദഗതി വരുത്താൻ നിർദേശം നൽകി.
വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന തരത്തിലാണ് ഭേദഗതി നടത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഭിത്തിയോ നിലമോ ഇല്ലാത്തതിനാലും മൂന്ന് വശവും തുറന്നിരിക്കുന്നതിനാലും ഇത്തരം നിര്‍മിതികളെ താൽകാലിക നിർമ്മിതിയായി കണക്കാക്കാമെന്ന് മന്ത്രി നിരീക്ഷിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ ചട്ടം 23(1), 2 (bf) യിൽ ഇത് സംബന്ധിച്ച ഭേദഗതി വരുത്തും. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് അനുവദിക്കുക. ഇത്തരത്തിൽ സ്ഥാപിക്കുന്ന ഷീറ്റുകൾ റോഡിലേക്ക് കയറി നിൽക്കുന്നത് പോലുള്ള നിയമലംഘനങ്ങൾ നടക്കുന്നില്ലെന്നും ഭേദഗതിയിൽ ഉറപ്പ് വരുത്തും.
ഏരിയയിൽ വ്യത്യാസം വന്നത് കൊണ്ട് മാത്രം കെട്ടിട പെർമിറ്റ് അസാധുവാക്കാൻ കഴിയില്ലെന്നും മന്ത്രി നിരീക്ഷിച്ചു. കണ്ണൂരിൽ നടന്ന ജില്ലാതല അദാലത്തിലായിരുന്നു ഈ തീരുമാനം. കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകാനാണ് തീരുമാനമായത്. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചായിരുന്നു പ്രഖ്യാപനം.