തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയ പ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ആരംഭിക്കും. ഗവർണർ - സർക്കാർ പോര് മൂർച്‌ഛിക്കുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് (Kerala Budget Assembly Session).
രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും, സ്‌പീക്കറും, പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണ് സ്വീകരിക്കേണ്ടത്. നയ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങൾ ഗവർണർ വായിക്കുമോ എന്ന് കണ്ടറിയണം (Policy Announcement Speech).
നിയമസഭയില്‍ എക്‌സാലോജിക്, നവകേരള സദസിലെ പ്രതിഷേധങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. അതേസമയം ഡൽഹി സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതാകും ഭരണപക്ഷത്തിന്‍റെ പ്രധാന പ്രതിരോധ ആയുധം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദവും ഭരണപക്ഷം ഉന്നയിച്ചേക്കും.
Also Read: നിയമസഭ പുസ്‌തകോത്സവം : മികച്ച ഓൺലൈൻ റിപ്പോർട്ടിങ് പുരസ്‌കാരം ഇടിവി ഭാരതിന്
ഫോട്ടോ എടുക്കുന്നതിന് വിലക്ക് :നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പത്ര ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങൾ എടുക്കാന്‍ വിലക്കേര്‍പ്പെടുത്തി. നിയമസഭയുടെ ഫോട്ടോ എടുക്കുന്നതിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ ഇനി മുതൽ സർക്കാർ ഫോട്ടോഗ്രാഫർമാരും സഭ ടിവിയും പകർത്തുന്ന ദൃശ്യങ്ങള്‍ മാത്രമാകും ജനങ്ങളിലേക്കെത്തുക. 2 വർഷമായി ഫോട്ടോഗ്രാഫർമാർക്ക് അനുമതി നൽകുന്നില്ലെന്നാണ് വിലക്കിന് സ്‌പീക്കറുടെ ഓഫീസ് നൽകുന്ന വിശദീകരണം.