തിരുവനന്തപുരം:കേരളത്തിന്‍റെ സ്ഥാനം രാജ്യത്തിന്‍റെ മുൻനിരയിൽ എന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും സംസ്ഥാന ബജറ്റിൽ ധനമന്തി കെ എൻ ബാലഗോപാൽ. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ചികിത്സയ്‌ക്കുള്ള സൗകര്യമൊരുക്കും. മെഡിക്കൽ ഹബായി കേരളത്തെ മാറ്റുമെന്നും ധനമന്തി അറിയിച്ചു.
പൊതുജനാരോഗ്യത്തിനും ചികിത്സയ്‌ക്കുമായി 2052. 23 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിതത്തിന്‍റെ മൂന്നിരട്ടിയാണ് സർക്കാർ ചെലഴിച്ചത്. ഇതുവരെ 2545 കോടി രൂപയാണ് കാരുണ്യ പദ്ധതിക്കായി ഈ സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റിൽ 678.54 കോടിയാണ് കാരുണ്യ പദ്ധതിക്ക് വകയിരുത്തിയത്.
പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾക്ക് 12 കോടി. സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികൾക്ക് 11.93 കോടി വകയിരുത്തി. ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു.