എറണാകുളം : ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ വിമർശനവുമായി കെസിബിസി. ക്രൈസ്‌തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രം അപലപനീയമാണെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മിഷൻ വ്യക്തമാക്കി. കേരളത്തിൽ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്‌തവ സമൂഹത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ഭിന്നിപ്പുണ്ടാക്കാൻ കരുക്കൾ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണ്.
അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണന്നും കെസിബിസി ചൂണ്ടിക്കാണിച്ചു.
മത മേലധ്യക്ഷന്മാരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്‌തുവെന്നാണ് കെ സുരേന്ദ്രൻ അവകാശവാദവും കെസിബിസി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മുൻ കേന്ദ്രമന്ത്രിമാരിൽ ചിലർ സഹായിച്ചിട്ടും സഭ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് എതിർ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണത്തെയും കെസിബിസി വിമർശിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത്, കേന്ദ്ര ഭരണകൂടത്തിന്‍റെ ഭാഗമായ മന്ത്രിമാർ അവരുടെ കൃത്യനിർവഹണത്തിന്‍റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയമായ കാര്യലാഭx ഉണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു എന്ന ധ്വനി കെ സുരേന്ദ്രന്‍റെ വാക്കുകളിലുണ്ട്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളും ഭരണസേവകരും പ്രവർത്തിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം.