തിരുവനന്തപുരം :ഭരണാനുകൂല സംഘടനയിലെ തൊഴിലാളികളടക്കം പണിമുടക്കി പ്രതിഷേധം കടുപ്പിക്കുന്നതിനിടെ സ്വകാര്യ വിദേശ സന്ദര്‍ശനത്തിന് ശേഷം ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്തോനേഷ്യയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി ഇപ്പോൾ കൊട്ടാരക്കരയിലെ വീട്ടിലാണ്. ഗതാഗത കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരുമായി തിരുവനന്തപുരത്ത് നാളെ വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.
ഈ മാസം പകുതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നൽകാത്തതിൽ സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ഇന്ന് ഡിപ്പോകളില്‍ പ്രകടനവും പ്രതിഷേധവും നടത്തുമെന്ന് അഹ്വാനം ചെയ്‌തിട്ടുണ്ട്. കോടതിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടായിട്ടും പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്‌റ്റ് നടത്തിപ്പും അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംയുക്‌ത സമര സമിതി ശക്‌തി പ്രകടനവും നടത്തിയിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 86 ടെസ്‌റ്റിങ് കേന്ദ്രങ്ങളില്‍ 77 എണ്ണവും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ കൈവശമാണ്. സെൻ്ററുകള്‍ അടച്ചിട്ടുള്ള ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ മറികടക്കാന്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലം ആശ്രയിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ തീരുമാനം.
എന്നാല്‍ ടെസ്‌റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ പോലും പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ടെസ്‌റ്റിന് ഹാജരാകുന്നില്ലെന്നാണ് ഗതാഗത വകുപ്പിൻ്റെ വിലയിരുത്തല്‍. ഇതിനിടെയാണ് ഇന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഒരാഴ്‌ചയോളം നീണ്ടു നിന്ന വിദേശ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പായിരുന്നു ഗതാഗത മന്ത്രി ഇന്തോനേഷ്യയിലേക്ക് പോയത്. സന്ദര്‍ശനത്തിൻ്റെ കാരണം മന്ത്രിയുടെ ഓഫീസ് വ്യക്‌തമാക്കിയിട്ടില്ല.
Also Read :കെഎസ്‌ആര്‍ടിസി ശമ്പളം വീണ്ടും മുടങ്ങി : സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഎംഎസ് യൂണിയന്‍