കാവേരിയിൽ കുളിരു തേടി സഞ്ചാരികളുടെ തിരക്ക് കണ്ണൂര്‍: കുടകര്‍ക്കും ഉത്തര കേരളീയര്‍ക്കും പുണ്യനദിയാണ് കാവേരി. കാവേരിയമ്മയുടെ മക്കളെന്നാണ് കുടകര്‍ സ്വയം വിശേഷിക്കുന്നത്. ഒരു ജലദേവതയുടെ സ്ഥാനമാണ് കാവേരിക്ക് കൽപിച്ചു പോരുന്നത്. കുടകരുടെ അധിദേവനും കാരണവരുമായ ഇഗ്ഗുത്തപ്പന്‍ മഴയുടേയും കൃഷിയുടേയും ദേവനുമാണ്. എന്നാല്‍ കാവേരിയമ്മയാണ് അവര്‍ക്ക് സര്‍വ്വവും.
കുടകിലെ ഏറ്റവും പവിത്രമായ സ്ഥാനമാണ് കാവേരിക്കുള്ളത്. കാവേരി ജന്മം കൊണ്ട ശേഷം ശക്തമായ കുത്തൊഴുക്കില്‍ പെട്ട്, നദിയിൽ കുളിച്ചിരുന്ന കുടക് സ്ത്രീകളുടെ സാരിയുടെ കുത്ത് ഇളകിപ്പോയതിനാലാണ് ഇവിടുത്തെ സ്ത്രീകളുടെ അത്യപൂര്‍വ്വമായ സാരിധാരണം ഉണ്ടായതെന്നാണ് വിശ്വാസം.
കാവേരിയുമായുള്ള ഭക്തി കുടകര്‍ക്ക് മാത്രമല്ല, വടക്കേ മലബാറിലും വ്യാപകമാണ്. കുടകിന്‍റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഈ സൗന്ദര്യം കാവേരിയുടെ സംഭാവനയാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? ബ്രഹ്മഗിരിയുടെ മുകളില്‍ നിന്നും ഉത്ഭവിച്ച് തലക്കാവേരിയിലെ തീര്‍ത്ഥ കുളത്തില്‍ വെച്ച് ഉറവ പൊട്ടി ഉയരുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണ്.
തുലാം സംക്രമ ദിവസം തലക്കാവേരിയിലെത്തി തീര്‍ത്ഥ ജലം കുടിക്കുകയും മുഖം കഴുകുകയും ചെയ്‌ത് കാവേരിയുടെ പിറന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. മലയാളിയും തമിഴരും കര്‍ണാടകക്കാരും ഒരുമിച്ചാഘോഷിക്കുന്നതും കാവേരിയുടെ പിറന്നാളാണ്. തുലാം സംക്രമ ദിവസം വടക്കന്‍ കേരളത്തിലെ പെരളശ്ശേരി, കുറ്റിയാട്ടൂര്‍ തീര്‍ത്ഥാട്ടുമല, പെരിങ്ങത്തൂരിലെ കനകമല എന്നിവിടങ്ങളിലും കാവേരി എത്തിച്ചേരുമെന്നാണ് സങ്കല്‍പ്പം.
അങ്ങനെ കുടകരെപ്പോലെ മലയാളിയും കാവേരിയമ്മയെ ആരാധിക്കുന്നു. ഒരു നദിയെ ആരാധിക്കുന്നതിനോടൊപ്പം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ സവിശേഷത. കുടകര്‍ എങ്ങിനെ സംരക്ഷിക്കുന്നുവോ അതുപോലെ തന്നെ മറ്റ് സഞ്ചാരികളും കാവേരിയിലെത്തിയാല്‍ അത് അനുകരിക്കുന്നു. കുളിരു തേടി കുടകരുടെ പ്രിയപ്പെട്ട കാവേരിയുടെ തീരങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും തീര്‍ത്ഥാടകരുള്‍പ്പെടെയുള്ള സഞ്ചാരികള്‍ കുളിരനുഭവിക്കാന്‍ ഇവിടെ എത്തുന്നു.
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയില്‍ നിന്ന് ഉത്ഭവിച്ച് 765 കിലോമീറ്റര്‍ കര്‍ണാടകത്തിലൂടെ ഒഴുകുന്ന പ്രധാന നദിയാണ് കാവേരി. കുടകിലെ പരിസ്ഥിതിക്കും കൃഷിക്കും ഇത്രയേറെ സ്വാധീനമുള്ള കാവേരിയെ അവര്‍ ദൈവതുല്യമായി ബഹുമാനിക്കുന്നതില്‍ അത്ഭുതമില്ല. കര്‍ണാടകത്തിലെ ഐടി നഗരമായ ബെംഗളൂരുവിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതും മുഖ്യമായി കാവേരിയാണ്.
Also read: കുടിക്കാൻ വെള്ളമില്ലാതെ ബെംഗളൂരു, വാഹനം കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും വെള്ളം ഉപയോഗിച്ചാല്‍ പിഴ
തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ക്ക് വരദായിനിയാണ് കാവേരി. ഭക്തന്‍മാരായ ഹിന്ദുക്കള്‍ ദക്ഷിണ ഗംഗ എന്ന് വിശേഷിക്കപ്പെടുന്ന കാവേരി ഒഴുകുന്ന ഇടങ്ങളിലെല്ലാം പ്രകൃതി സൗന്ദര്യത്താല്‍ വഴിഞ്ഞൊഴുകി നില്‍ക്കുന്നു. കുടകിലെ ഭാഗമണ്ഡല, നിസര്‍ഗ്ഗദാമ, ദുബാരെ എന്നിവിടങ്ങളാണ് കാവേരി ഒഴുകുന്നത്. മലിനമാക്കാതെ കാവേരിയുടെ പരിശുദ്ധി കാക്കാന്‍ പരിസ്ഥിതി പ്രേമികളും രംഗത്തുണ്ട്. കൊടും വേനലിന്‍റെ ചൂടില്‍ നിന്നും ആശ്വാസം തേടിയെത്തുന്നവരാണ് സഞ്ചാരികളിലേറേയും.