ഇടുക്കി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിൽ പ്രതി നിധീഷ് കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ല പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപ്. നിതീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്‌ണുവിൻ്റെ പിതാവ് വിജയനെയും, സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. പ്രതിയുമായി നാളെ (ഞായർ) തെളിവെടുപ്പ് നടത്തും (Kattappana Twin Murder Convict Confessed).
ഇന്ന് ഉച്ചയോടെയാണ് പ്രതി നിധീഷിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്‌തത്. ഇടുക്കി ജില്ല പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപിൻ്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി.
സഹോദരിയുടെ നാലുദിവസം പ്രായമായ നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ തന്നെ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. 9 മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചുമൂടിയതെന്നും പ്രതി മൊഴി നൽകി.
നിധീഷിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. നാളെ കാഞ്ചിയാർ കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും. വീടിനുള്ളിൽ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കഴിഞ്ഞ രണ്ടാം തീയതിയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്‌ണു വിജയനെയും, നിധീഷ് രാജനെയും പോലീസ് പിടികൂടിയത്. തുടർന്ന് വിഷ്‌ണുവിൻ്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഇയാളുടെ മാതാവിൻ്റെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും, വീട്ടിലെ സാഹചര്യങ്ങളിലുണ്ടായ സംശയവുമാണ് ഇരട്ട കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.