അയിരൂരിൽ ആട്ടവിളക്കിന് തിരിതെളിഞ്ഞു: ഇനി കഥകളി മേളയുടെ ആറ് രാപ്പകലുകൾ - KATHAKALI MELA AT AYROOR
Published : Jan 6, 2025, 5:46 PM IST
പത്തനംതിട്ട: കേരളം ലോകത്തിന് സമർപ്പിച്ച കലാരൂപമാണ് കഥകളിയെന്നും കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത കലാനുഭവമാണ് അയിരൂർ കഥകളിമേളയിൽ നിന്ന് ലഭിക്കുന്നതെന്നും പ്രശസ്‌ത സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ. അയിരൂർ കഥകളി ഗ്രാമത്തിൽ പമ്പാ മണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ ഇന്ന് മുതൽ 12 വരെ നടക്കുന്ന കഥകളി മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രാമത്തെ ഒരു കലയുടെ പേരിൽ ആധികാരികമായി അടയാളപ്പെടുത്തിയ ആദ്യ പ്രദേശമാണ് ആയിരൂർ എന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് കഥകളി അരങ്ങിലെത്തിക്കുന്നത്. കഥകളി എന്താണെന്നറിയാനുള്ള ഉത്തരവാദിത്വം കേരളീയ സമൂഹത്തിനുണ്ട്. മഹത്തായ കലാരൂപങ്ങൾ ആസ്വദിക്കുന്നതിന് മാനസികമായ ഒരു പഠനവും തയ്യാറെടുപ്പും ആവശ്യമാണെന്നും അതിനാൽ തന്നെ മഹത്തായ കലാരൂപങ്ങളെ ആസ്വദിക്കാൻ ചെറിയ ആൾക്കൂട്ടമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്‌ത കഥകളി നടൻ സദനം ഭാസിക്ക് 2024ലെ നാട്യഭാരതി അവാർഡ് സമർപ്പണവും ചടങ്ങിൽ നടന്നു. പത്തനംതിട്ട ജില്ലാ കഥകളി ക്ലബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പതിനെട്ടാമത് കഥകളി മേളയിൽ എല്ലാ ദിനവും വൈകിട്ട് ആറ് മുതൽ മേജർസെറ്റ് കഥകളിയും നടക്കും. ആയിരത്തോളം കലാകാരന്മാരാണ് മേളയിൽ പങ്കെടുക്കുക. കഥകളി എന്ന കലാരൂപത്തെ അടുത്തറിയുന്നതിനായി സ്‌കൂൾ തലം മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി മേളയിലെ ആറ് ദിവസങ്ങളിലും കഥകളി പാഠ്യകളരിയും നടക്കും.
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 25000ത്തോളം കുട്ടികൾ കഥകളി പാഠ്യകളരിയിൽ പങ്കെടുക്കും. ജില്ലാ കഥകളി ക്ലബ് പ്രസിഡൻ്റ് ഡി. പ്രസാദ് കൈലാത്ത് ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ മുഖ്യ പ്രഭാഷണം നടത്തി. 12ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി പ്രഭാകരൻ നായർ, വാസ്‌തുവിദ്യാ ഗുരുകുലം ഡയറക്‌ടർ പിഎസ് പ്രിയദർശൻ തുടങ്ങിയവർ സംസാരിച്ചു.
Also Read:അയിരൂര്‍ കഥകളി ഗ്രാമത്തിലൊരുങ്ങുന്ന ശില്‍പങ്ങള്‍; ലക്ഷ്യം ലോക വിപണി