കണ്ണൂർ:മീശയുടെ പേരിൽ അറിയപ്പെടുന്നൊരു സ്ഥലമുണ്ട്... അതും നമ്മുടെ കണ്ണൂരിൽ. കണ്ണൂരിലെ വലിയൊരു വിനോദ സഞ്ചാര കേന്ദ്രം. പയ്യാവൂരിനപ്പുറം കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിന്‍റെ സമീപ പ്രദേശങ്ങൾ. വെള്ളച്ചാട്ടത്തിന്‍റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ദിശ ബോർഡുകളിൽ എല്ലാം ഒരു സ്ഥലപ്പേര് കാണാം മീശക്കവല.
സ്ഥല നാമത്തിലെ കൗതുകം അന്വേഷിച്ചു പോയാൽ ഒരാളുടെ മീശയിൽ ചെന്നെത്തും കാര്യങ്ങൾ. ഇവിടെ 20 വർഷമായി തട്ടുകട നടത്തുന്ന കൊടകച്ചറ പാപ്പച്ചന്‍റെ കൊമ്പൻ മീശയാണ് കഥാനാകന്‍. അളകാപുരി വെള്ളച്ചാട്ടം കാണാൻ പോയവർക്കൊക്കെ സുപരിചിതനാണ് ഈ 82 കാരൻ. വനം വകുപ്പിന്‍റെ അതീനതയിൽ ഉള്ള വെള്ളച്ചാട്ടം ആളുകളെ ആകർഷിച്ച് തുടങ്ങിയ കാലം മുതൽ പാപ്പച്ചൻ ഇവിടെ തട്ടുകട നടത്തുന്നുണ്ട്.
സമീപത്തെ 10 സെന്‍റോളം വരുന്ന സ്ഥലം പാപ്പച്ചന്‍റെ പേരിൽ ആണ്. ഈ സ്ഥലത്താണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികളെ ആദ്യം വരവേൽക്കുന്നതും ഇദ്ദേഹമാണ്. 30 രൂപയാണ് പാർക്കിങ് ഫീസായി പാപ്പച്ചൻ വാങ്ങുന്നത്. പതിനാറാം വയസിൽ മീശ വളര്‍ത്തി തുടങ്ങിയതാണ് പാപ്പച്ചൻ. പിന്നീട് പട്ടാളത്തിൽ ജോലി കിട്ടിയപ്പോഴും വിരമിച്ചതിനുശേഷം നാട്ടിലെത്തി കൃഷിയിൽ സജീവം ആയപ്പോഴും കുടുംബത്തിനോടൊപ്പം മീശയെയും പൊന്നുപോലെ ആദ്ദേഹം നോക്കി.