കണ്ണൂർ:കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മുൻ പി എ ബിജെപിയിൽ ചേർന്നു. കണ്ണൂർ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്‍റെ മുൻ പി എ, വി കെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു അദ്ദേഹത്തിന്‍റെ പി എ.
കെ സുധാകരന്‍റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു. കണ്ണൂരിന്‍റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്‌തില്ല എന്നും യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നിക്കൊണ്ടാണ് അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്ന് എൻഡിഎ സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Also Read : പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, അതൊന്നും ഭയപ്പെടുന്നില്ല : കെഎസ് ഈശ്വരപ്പ - KS ESHWARAPPA EXPELLED