എറണാകുളം:എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി സ്റ്റാൻ്റിലെ വെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
നിലവിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനാണ് ഐഐടിയിലെ എഞ്ചിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുന്നത്. പ്രായോഗിക പ്രശ്‌ന പരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്.
ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. താത്‌കാലിക പരിഹാരം എന്ന നിലയില്‍ സ്റ്റാന്‍ഡിന് മുന്‍വശത്തെ തോട്ടില്‍ നിന്നും വെള്ളം കയറാതിരിക്കാന്‍ 3 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വെള്ളം ഒഴുക്കി കളയുന്നതിന് റെയില്‍വേ ലൈനിന്‍റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയില്‍വേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. എത്രത്തോളം പരിഹാരം കാണാനാകുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.