തിരുവനന്തപുരം:സിപിഎം വിട്ടുവീഴ്‌ച ചെയ്‌തതിലൂടെ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച രാജ്യസഭ സീറ്റിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ തന്നെ വീണ്ടും അയയ്ക്കാന്‍ പാര്‍ട്ടി പാര്‍ലമെന്‍ററി യോഗം തീരുമാനിച്ചു. മന്ത്രി റോഷി അഗസ്‌റ്റിന്‍റെ ഔദ്യോഗിക വസതിയില്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. റോഷി അഗസ്‌റ്റിന്‍ ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ജോസ് കെ മാണി തുടര്‍ച്ചയായി രാജ്യസഭയിലെത്തുന്നത്.
2020ല്‍ രാജ്യസഭ അംഗമായിരിക്കെയാണ് ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തുന്നത്. പിന്നാലെ അദ്ദേഹം യുഡിഎഫ് നല്‍കിയ രാജ്യസഭ എംപി സ്ഥാനം രാജിവച്ച ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. 2021ല്‍ പാലായില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 31ന് കേരളത്തില്‍ നിന്നുള്ള 3 ഇടത് രാജ്യസഭ അംഗങ്ങളുടെ കാലാവധി അവസാനിച്ചെങ്കിലും എല്‍ഡിഎഫിന് രണ്ട് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള എംഎല്‍എമാരേ ഉള്ളൂ.
സിപിഐ അവരുടെ നിലവിലെ സീറ്റില്‍ ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം അവരുടെ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു. 59 വയസുകാരനായ ജോസ് കെ മാണി, കെഎം മാണി പാര്‍ട്ടി ചെയര്‍മാനായിരിക്കെ 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മൂവാറ്റുപുഴയില്‍ മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് സിറ്റിങ് എംപിയായിരുന്ന പിസി തോമസിനോട് പരാജയപ്പെടുകയായിരുന്നു.