കേരളം

kerala

ETV Bharat / state

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം; 'അന്വേഷണ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം', എഡിജിപിക്കെതിരെ വീണ്ടും സിപിഐ മുഖപത്രം - JANAYUGOM CRITICIZED ADGP ON POORAM - JANAYUGOM CRITICIZED ADGP ON POORAM

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ വീണ്ടും വിമര്‍ശനവുമായി സിപിഐ. എഡിജിപി എംആര്‍ അജിത് കുമാറിനെ പരിഹസിച്ച് ജനയുഗത്തിന്‍റെ മുഖപത്രം. എഡിജിപിയാണ് പൂരം കലക്കിയത് എന്ന ചിന്തയിലേക്കാണ് സിപിഐ നീങ്ങുന്നതെന്ന് സൂചന നല്‍കുന്നതാണ് ലേഖനം.

അജിത് കുമാര്‍ ജനയുഗം വിമര്‍ശനം  ADGP AJITH KUMAR CONTROVERSY  CPI AGAINST ADGP AJITH KUMAR  THRISSUR POORAM DISRUPTION CASE
MR Ajith Kumar (ETV Bharat)

By ETV Bharat Kerala Team

Published : Sep 24, 2024, 12:28 PM IST

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് നടത്തിയ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കി പരസ്യ പ്രതികരണവുമായി വീണ്ടും സിപിഐ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ സ്ഥലത്തുണ്ടായിട്ടും തൃശൂര്‍ പൂരത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ഇടപെടാത്തത് ദുരൂഹമെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പറയുന്നു. 'അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവയ്‌ക്കുന്നു' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസവും എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെതിരെ മുഖപ്രസംഗത്തിലൂടെ സിപിഐ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ക്രമസമാധാന പാലനത്തില്‍ എഡിജിപിയുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി ഉപയോഗിച്ചില്ല. ജൂനിയറായ ഉദ്യോഗസ്ഥനെ പൂരത്തിന്‍റെ മുഴുവന്‍ ചുമതലയും ഏല്‍പ്പിച്ചു. ഇത്തരം നടപടികള്‍ ശരിയായില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ട് പൂരം അലങ്കോലമാക്കാന്‍ കാരണമായവരെ വെള്ളപൂശി കാണിക്കുന്നതാണ്. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി സ്ഥലത്ത് എത്തിയതില്‍ ദുരൂഹതയുണ്ട്. അതേസമയം റവന്യൂ മന്ത്രി കെ രാജന് പോലും യാത്ര സൗകര്യം നിഷേധിക്കപ്പെട്ടുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Janayugam Report Against ADGP (ETV Bharat)

അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതിലും മുഖപ്രസംഗം ദുരൂഹത ആരോപിക്കുന്നു. ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെങ്കില്‍ വസ്‌തുനിഷ്‌ഠമായി ജനങ്ങളെ അത് ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരിനെ പരോക്ഷമായി പ്രതിസ്ഥാനത്ത് നിര്‍ത്തി എഡിജിപി എംആര്‍ അജിത് കുമാറിനെ വിമര്‍ശിക്കുകയാണ് ജനയുഗം.

പൂരം കലക്കിയ സംഭവത്തില്‍ സിപിഐയില്‍ പ്രതിഷേധം തിളയ്ക്കുകയാണ്. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗം അതിശക്തമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. അജിത് കുമാറിനെ 'അജിത് തമ്പുരാന്‍' എന്ന് പരിഹസിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ജനയുഗം ലേഖനം പുറത്തിറക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടുത്തം' എന്നാണ് അജിത് കുമാറും ഓടുന്ന കുതിരയും എന്ന തലക്കെട്ടിലുള്ള പ്രതിവാര ലേഖനത്തില്‍ ജനയുഗം വിമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിനെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് എന്നും ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൂരം കലക്കിയത് എഡിജിപി എംആര്‍ അജിത് കുമാര്‍ തന്നെയാണ് എന്ന ചിന്തയിലേക്കാണ് സിപിഐ നേതൃത്വം എത്തിച്ചേര്‍ന്നിട്ടുള്ളതെന്ന സൂചനയാണ് ലഭിക്കുന്നത്.

Also Read:എഡിജിപിയെ നീക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും സിപിഐ രംഗത്ത്, എന്തിനാണ് രഹസ്യ സന്ദര്‍ശനമെന്നും ചോദ്യം

ABOUT THE AUTHOR

...view details