തിരുവനന്തപുരം:ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടന കേന്ദ്രത്തെ മൂന്ന് സ്‌റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. ഈ മൂന്ന് കേന്ദ്രങ്ങളിലും മഴമാപിനികൾ സ്ഥാപിച്ചതായി കേന്ദ്ര കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവചനങ്ങൾ ഉടൻ തന്നെ "നൗകാസ്‌റ്റ്" എന്നറിയപ്പെടുന്ന തത്സമയ കാലാവസ്ഥ ബുള്ളറ്റിനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ഐഎംഡി റീജിയണൽ ഡയറക്‌ടർ നീത കെ ഗോപാൽ പറഞ്ഞു.
വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും ഉയർന്ന ആർദ്രതയും ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, പ്രദേശത്തെ താപനില അളക്കാനും ഐഎംഡി പദ്ധതിയിടുന്നുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് ശബരിമലയിലെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച തത്സമയ വിവരങ്ങൾ നൽകുന്നത്.
വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലുകൾ സെൻസിറ്റീവ് മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ ആണ് സൂചിപ്പിക്കുന്നത്. ശബരിമലയിൽ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകൾ (എഡബ്ല്യുഎസ്) സ്ഥാപിക്കുന്ന കാര്യം ഐഎംഡി ആദ്യം പരിഗണിച്ചിരുന്നെങ്കിലും നടപടികൾ വേഗത്തിലാക്കാൻ മഴമാപിനികൾ തെരഞ്ഞെടുത്തുവെന്ന് അധികൃതർ വെളിപ്പെടുത്തി.
പ്രദേശത്ത് സ്ഥിരമായ കാലാവസ്ഥാ നിരീക്ഷണ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. അമർനാഥ്, ചാർധാം യാത്രകൾക്കുള്ള ഞങ്ങളുടെ സേവനങ്ങൾക്ക് സമാനമായ കാലാവസ്ഥ പ്രവചനമാണ് ശബരിമലയിലും നൽകുക. ആദ്യമായാണ് ശബരിമലയിൽ പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെയും ഐഎംഡിയുടെയും സഹകരണത്തോടെയാണ് ഈ ശ്രമമെന്നും നീത കെ ഗോപാൽ പറഞ്ഞു.