തിരുവനന്തപുരം :വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്യപ്പെട്ട് തട്ടിപ്പിനിരയായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളില്‍ പ്രിന്‍സ് (27) ഡൽഹിയിലെത്തിയതായി ബന്ധുക്കള്‍. ഇന്നലെ വൈകിട്ട് 3 മണിയോടെ സഹോദരന്‍ പ്രശാന്ത് പ്രിന്‍സുമായി ഫോണില്‍ സംസാരിച്ചു. വൈദ്യസഹായവും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിക്കുമെന്ന് പ്രിന്‍സ് ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.
റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് പ്രിന്‍സ് ഡല്‍ഹിയിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സിബിഐ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നൽകിയ ശേഷമേ പ്രിന്‍സ് നാട്ടിലെത്തുകയുള്ളൂ. റഷ്യയില്‍ ജോലി വാഗ്‌ദാനം നൽകി അഞ്ചുതെങ്ങ്, ആറ്റിങ്ങല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രിന്‍സിനെയും, സുഹൃത്തുക്കളും അഞ്ചുതെങ്ങ് സ്വദേശികളുമായ ടിനു, വിനീത് എന്നിവരെയും റഷ്യയിലേക്ക് കൊണ്ടുപോകുന്നത്.
ALSO READ:മലയാളികൾ റഷ്യയിലെത്തിയത് വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് ; തിരികെയെത്തിക്കാന്‍ നടപടികള്‍ ഊര്‍ജിതം - MALAYALEES IN RUSSIA INJURED IN WAR
ജനുവരി മൂന്നിനായിരുന്നു മൂന്നുപേരും റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞായിരുന്നു ഏജന്‍സി പ്രതിനിധികള്‍ മൂവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. റഷ്യയിലെത്തിയ ശേഷം പാസ്‌പോര്‍ട്ടും മൊബൈലും വാങ്ങിവച്ച് കരാറുകളില്‍ ഒപ്പിടീച്ച് ഇവരെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു.
23 ദിവസം പരിശീലനം നൽകിയ ശേഷം പ്രിന്‍സിനെ യുക്രൈന്‍ യുദ്ധമുഖത്തേക്കയച്ചു. യുദ്ധത്തിനിടെ ബോംബ് പൊട്ടിയും വെടിയേറ്റും പ്രിന്‍സിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് പ്രിന്‍സ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ടിനുവും വിനീതും എവിടെയെന്ന് പ്രിന്‍സിന് അറിയില്ല.
റഷ്യയിൽ സൈനിക സഹായിയായി ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഏജൻ്റുമാർ യുവാക്കളെ കൊണ്ടുപോയത്. ശേഷം അവരെ സൈന്യത്തിന്‍റെ ഭാഗമാക്കി. രണ്ടുദിവസത്തിനുശേഷം സൈനിക പരിശീലനത്തിനായി അവരെ കൊണ്ടുപോവുകയും യുദ്ധം ചെയ്യാനായി യുക്രെയിന്‍ അതിർത്തിക്കടുത്ത് വിന്യസിക്കുകയുമായിരുന്നു.
അതേസമയം റഷ്യൻ സൈന്യത്തിലേക്കുളള നിയമവിരുദ്ധ റിക്രൂട്ട്‌മെന്‍റ് സംഭവത്തിൽ യുക്രെയിനിൽ അകപ്പെട്ട മലയാളികളെ ഉടൻ നാട്ടിലേക്ക് കൊണ്ടുവരാനുളള നടപടികൾ ആരംഭിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോലി വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ചശേഷം ഇന്ത്യക്കാരെ യുക്രെയിൻ യുദ്ധത്തിനായി കൊണ്ടുപോയ ഏജൻസികളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.