കേരള അനിമല്‍ ഹസ്‌ബെന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്‍റ് ജോയിന്‍റ് ഡയറക്‌ടര്‍ ഡോ.അജിത് ബാബു ഇടിവി ഭാരതിനോട് സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം :ആട് ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?. എന്നാൽ അതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൃഗസംരക്ഷണ മേഖലയിൽ വളരെയധികം ലാഭമുണ്ടാക്കാവുന്ന കൃഷിരീതിയാണ് ആട് വളർത്തൽ. ആടുവളർത്തൽ മേഖല വൻ ലാഭകരവും ആട്ടിൻ പാൽ വളരെ പോഷകകരവുമാണ്. ആടുവളർത്തലുമായി ആളുകൾക്ക് ഒരുപാട് സംശയങ്ങൾ കാണും. ആട് കൃഷിയെ കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങള്‍ കേരള അനിമല്‍ ഹസ്‌ബെന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്‍റ് ജോയിന്‍റ് ഡയറക്‌ടര്‍ ഡോ. അജിത് ബാബു ഇടിവി ഭാരതിനോട് പങ്കുവെക്കുന്നു.
ആട് വളർത്തലിനെക്കുറിച്ച് കൂടുതൽ അറിയാം
ആട് വിപണി സുസ്ഥിരവും ഉറപ്പുള്ളതുമാണ്. ആട്ടിന്‍ കുട്ടികള്‍ക്കും ഇറച്ചിക്കും പാലിനും വിപണി മൂല്യം താഴേക്ക് പോകുന്ന കഥ കേട്ടുകേള്‍വി പോലുമില്ല. ആട്ടിന്‍പാല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും അനുയോജ്യമായത് ആട്ടിന്‍പാല്‍ തന്നെ. ദഹനപ്രക്രിയ വളരെ എളുപ്പം നടക്കും. മഹാത്മാഗാന്ധി ആടുകളെ പാവപ്പെട്ടവന്‍റെ പശു എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ചുരുങ്ങിയ ചെലവിൽ ആട് വളർത്തൽ സാധ്യമോ ?
വളരെ ചുരുങ്ങിയ ചെലവിൽ നമുക്ക് ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ആട് വളർത്തൽ. ഒരു ജോഡി ആടുകളില്‍ തുടങ്ങി മൂന്ന് വര്‍ഷം കൊണ്ട് ഒരു പറ്റം ആടുകളുള്ള ഫാമായി മാറ്റാം.
ആടുവളർത്തലിന് അനുയോജ്യമായ സമയം ?
ആട് കൃഷിക്ക് സമയപരിധിയില്ല. 'എ ടി എം' പോലെ എപ്പോള്‍ വേണമെങ്കിലും പണം ലഭിക്കുന്ന കൃഷി രീതിയാണിത്.
കാലവസ്ഥ വ്യതിയാനങ്ങൾ ആടുകളുടെ ആരോഗ്യത്തെ ബാധിക്കുമോ ?
കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യമായ ഇനം ആടുകളെ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇടക്കാലങ്ങളില്‍ ഇറച്ചിക്കായി ബോയര്‍, ജമ്‌നാപ്യാരി, ബീറ്റില്‍ തുടങ്ങി നിരവധി ഇനം ആടുകള്‍ക്ക് പിന്നാലെ കര്‍ഷകര്‍ പോയിട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ ബ്രിഡുകള്‍ വലിയ വരുമാനം പെട്ടെന്ന് ഉണ്ടാക്കി തരുമെങ്കിലും ഇവറ്റകള്‍ക്ക് കേരളത്തിലെ കാലാവസ്ഥയില്‍ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ കാലവസ്ഥയ്‌ക്ക് അനുയോജ്യമായ ആടുകൾ ഏത് ?
നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങി വളരുന്നത് മലബാറി ആടുകളാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. വിജയകരമായി സംരംഭം മുന്നോട്ട് കൊണ്ടു പോകുന്നതിന് ഇത്തരം ആടുകളെ തന്നെ തെരഞ്ഞെടുക്കുന്നതാണ് കര്‍ഷകര്‍ക്ക് നല്ലത്. മലബാറി ആടുകള്‍ക്ക് ഉയര്‍ന്ന പ്രജനന ശേഷിയുണ്ട്. ഒറ്റ പ്രസവത്തില്‍ 5 കുട്ടികള്‍ വരെ ലഭിച്ചാലും അതിശയോക്തിയില്ല. ഇതിന് പുറമേ 2 വര്‍ഷത്തില്‍ മൂന്ന് പ്രസവം എന്നതും മലബാറി ആടിനെ വ്യത്യസ്‌തമാക്കുന്നു.
ആടുകളുടെ ഭക്ഷണരീതി ?
ഉത്തരേന്ത്യന്‍ ഇനങ്ങള്‍ക്ക് പ്രത്യേക ഭക്ഷണരീതികളുണ്ട്. മലബാറി ആടുകള്‍ക്ക് ഇലതീറ്റകള്‍ തന്നെ അനുയോജ്യമെങ്കിലും പ്ലാവിലകളുടെ ലഭ്യതക്കുറവ് പ്രതിസന്ധിയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ഫീഡ്‌സിന് പുറമേ സ്വകാര്യം കമ്പനികളും പുറത്തിറക്കുന്ന പെല്ലറ്റ് തീറ്റകള്‍ ഇന്ന് വിപണിയിലുണ്ട്. പെല്ലറ്റ് തീറ്റകള്‍ ആടുകള്‍ക്ക് ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്ന പോഷകസമ്പുഷ്‌ടമായ ഭക്ഷണമാണ്.
ബ്രീഡിങ് എപ്പേൾ ? എന്തൊക്കെ ശ്രദ്ധിക്കണം ?
ഇന്‍ - ബ്രീഡിങ് ഫാമുകളില്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണ ചേര്‍ന്നാല്‍ രോഗ സാധ്യത വര്‍ദ്ധിക്കുകയും ഗുണമേന്മ നഷ്‌ടപ്പെടുകയും ചെയ്യും.
ആടിന് കൂടൊരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
ആടിന്‍റെ കൂടൊരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. തറയില്‍ നിന്നും കൂട് ഉയര്‍ന്ന് നില്കണം. മിനിമം 5 അടിയെങ്കിലും കൂടുകള്‍ക്ക് ഉയരമുണ്ടായാല്‍ ആട്ടിന്‍കാഷ്ഠവും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ എളുപ്പമാണ്. റെഡിമെയ്‌ഡായി ലഭിക്കുന്ന 'സ്‌ളാറ്ററുകള്‍' ഉപയോഗിച്ച് കൂടിന്‍റെ തറ ഒരുക്കുന്നതാണ് ഉചിതം.
തദ്ദേശീയമായി ലഭിക്കുന്ന തടിയും മറ്റ് പലകകളും വേണമെങ്കില്‍ ഉപയോഗിക്കാം. തടി, പലക ഉപയോഗിക്കുമ്പോള്‍ ആടിന്‍റെ കാലുകള്‍ ഇടയിലായി ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ സ്‌ളാറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കാം. സ്‌ളാറ്ററുകള്‍ റെഡിമെയ്ഡായി ലഭിക്കുന്നത് കൊണ്ട് കൂടൊരുക്കാനും വൃത്തിയാക്കാനും എളുപ്പമാണ്.
Also Read : കൊപ്രയ്ക്ക് കല്‍പ്പ സുവര്‍ണ, കരിക്കിന് കല്‍പ്പ ശതാബ്‌ദി; പ്രധാനമന്ത്രി പുറത്തിറക്കും പുതിയ വിത്തിനങ്ങള്‍ - Crop varieties by CPCRI Kasaragod