തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധനവാണ് തിരിച്ചടി ആകുന്നത്. ചായയ്‌ക്കും, കാപ്പിക്കും ഉൾപ്പെടെയാണ് വില വർധിച്ചിരക്കുന്നത്. പല ഹോട്ടലുകളിലും അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് വില വർധിപ്പിച്ചത്.
മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ വില വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് വില വർധനവ് നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടിയോളം തുകയാണ് നൽകേണ്ടി വരുക.
ചായയുടെ വില 10ൽ നിന്ന് 13 ആയി ഉയർന്നു. ചില ഹോട്ടലുകളിൽ 15 രൂപയും വാങ്ങുന്നുണ്ട്. അതുപോലെ തന്നെ കാപ്പിക്ക് 20 രൂപ വരെയാണ് വാങ്ങുന്നത്. ദോശ, അപ്പം, ഇഡലി, പൊറോട്ട, ചപ്പാത്തി എന്നിവയുടെ വിലയിലും മാറ്റമുണ്ട്. ഇനി മുതൽ 13 രൂപയാണ് ഈ ഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. മാത്രമല്ല ഇതിനൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവി ഇനി ലഭിക്കണമെങ്കിൽ 20 രൂപ നൽകേണ്ടി വരും.