തിരുവനന്തപുരം:സ്വദേശത്ത് നിന്നുള്ള നിക്ഷേപത്തിന് പരിധിയുണ്ടെന്നും അതിനാല്‍ വിദേശ നിക്ഷേപത്തിനായി നാം വാതിലുകള്‍ തുറന്നിടണമെന്നുമുള്ള സിദ്ധാന്തം ആദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആണ്. അദ്ദേഹം വിടവാങ്ങി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സിപിഎം ഭരിക്കുന്ന കേരളം മന്‍മോഹന്‍ സിങ്ങിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ഒരു ആഗോള നിക്ഷേപ സംഗമത്തിന് തുടക്കം കുറിക്കുന്നത് എന്നത് യാദൃച്ഛികമാകാം. 1991ലെ നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി എത്തി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ അന്നദ്ദേഹം മുന്നോട്ടുവച്ച നയ വ്യതിയാനത്തിന്‍റെ കാതല്‍ ആഗോളവത്കരണവും ഉദാരവത്കരണവും സ്വകാര്യവത്കരണവുമായിരുന്നു.
ഇതിനെതിരെ അന്ന് ഇന്ത്യന്‍ പാര്‍ലെന്‍റിനുളളിലും പുറത്തും അതിശക്തമായ എതിര്‍പ്പുയര്‍ത്തിയ ഇന്ത്യയിലെ ഇടതുപക്ഷം ഈ സിദ്ധാന്തങ്ങള്‍ ഇന്ത്യയെ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്ക് തള്ളിയിടുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. മന്‍ മോഹന്‍ സിങ്ങിന്‍റെ ആശയങ്ങള്‍ ശരിയാണെന്ന് സമ്മതിക്കാന്‍ അന്ന് അദ്ദേഹത്തെ എതിര്‍ത്ത സിപിഎമ്മിനും ഇടതു പക്ഷത്തിനും വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് പിണറായി സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിക്കുന്ന ഇപ്പോഴത്തെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്നത് 26 രാജ്യങ്ങളില്‍ നിന്നായി 2500ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നാണ്. അതായത് മൂലധന നിക്ഷേപത്തിലൂടെ, പ്രത്യേകിച്ചും ആഗോള മുതലാളിത്തത്തെ ക്ഷണിച്ചു വരുത്തുക മാത്രമാണ് പുരോഗതിക്കായി നമുക്ക് മുന്നിലുള്ളതെന്ന് സിപിഎം തുറന്ന് സമ്മതിക്കുകയാണിവിടെ. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കമുള്ള നിക്ഷേപകരമാണ് കേരളത്തില്‍ നിക്ഷേപം നടത്താനുള്ള സാധ്യത തേടി രണ്ട് ദിവസത്തെ മീറ്റില്‍ എത്തുന്നത്.
പദ്ധതിയില്‍ ധാരാളം നിക്ഷേപ വാഗ്‌ദാനങ്ങള്‍ ലഭിക്കാറുണ്ടെന്നത് സത്യമാണെങ്കിലും അത് സംസ്ഥാനത്തിന് സാമ്പത്തിക ഉത്തേജനം നല്‍കുന്ന തൊഴില്‍ ദായകമായ നിക്ഷേപമായി മാറുന്നില്ലെന്നതാണ് കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപ സംഗമങ്ങളുടെ അനുഭവം തെളിയിക്കുന്നത്.
ഈ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി ഒരു വര്‍ഷം കൂടിയുണ്ടെന്നതിനാല്‍ ഇപ്പോഴത്തെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ ലഭിക്കുന്ന നിക്ഷേപ വാഗ്‌ദാനങ്ങളെ കുറച്ചെങ്കിലും യഥാര്‍ഥ നിക്ഷേപമാക്കി മാറ്റാനുള്ള സാവകാശമുണ്ട്.
എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്തെ ജിം
ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് 2003 ജനുവരി മാസത്തില്‍ കൊച്ചിയില്‍ നടത്തിയതാണ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് അഥവാ ജിം. 2003 ജനുവരി 18ന് അന്നത്തെ പ്രധാനമന്ത്രി എബി വാജ്‌പേയി കൊച്ചിയിലെത്തിയാണ് സംഗമം ഉദ്ഘാടനം ചെയ്‌തത്. വരും വര്‍ഷങ്ങളില്‍ കേരളത്തിന് 10,000 കോടി രൂപയുടെ കേന്ദ്ര നിക്ഷേപം കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തുമെന്ന വാഗ്‌ദാനം നല്‍കിയാണ് അന്ന് അദ്ദേഹം മടങ്ങിയത്.
കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനുള്ള എല്ലാ തടസങ്ങളും നീക്കി, ഏതാനും മാസത്തിനുള്ളില്‍ പണി ആരംഭിക്കാനാകുമെന്ന വാഗ്‌ദാനവും വാജ്‌പേയി 'ജിം' ഉദ്ഘാടന പ്രസംഗത്തില്‍ നല്‍കിയിരുന്നു. പക്ഷേ അതെല്ലാം ഇന്നും വാദ്ഗാനങ്ങളായി തന്നെ നിലനില്‍ക്കുന്നു.